ഹൈക്കോടതിയില്‍ നാളെ വാദം കേള്‍ക്കാനിരിക്കെ അരീക്കോട് താലൂക്കാശുപത്രിയില്‍ അത്യാഹിത വിഭാഗം തുറന്നു
അരീക്കോട്: ഹൈക്കോടതിയില്‍ നാളെ വാദം കേള്‍ക്കാനിരിക്കെ അരീക്കോട് താലൂക്കാശുപത്രിയില്‍ അത്യാഹിത വിഭാഗം തുറന്നു. എസ് ഡിപി ഐ ഭാരവാഹികള്‍ നല്‍കിയ ഹരജിയില്‍ നാളെ ഹൈക്കോടതിയില്‍ വാദം കേള്‍ക്കാനിരിക്കെയാണ് അടിയന്തിരമായി കാഷ്വാലിറ്റി വിഭാഗം സജ്ജീകരിച്ചത്. ഇന്ന് വൈകീട്ട് ആറോടെയാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇതോടെ 24 മണിക്കൂറും ഡോകടര്‍മാരുടെ സേവനം രോഗികള്‍ക്ക് ലഭ്യമാവും. നിലവില്‍ കഴിഞ്ഞ ഫെബ്രുവരി 27ന് കാഷ്വാലിറ്റി തുടങ്ങാന്‍ ആരോഗ്യ മന്ത്രി നിര്‍ദേശം നല്‍കിയിട്ടും തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ആശുപത്രി സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് എസ് ഡിപിഐ അരീക്കോട് പഞ്ചായത്ത് ഭാരവാഹികളായ പനോളി സുലൈമാന്‍, പട്ടിരി മുജീബ് തുടങ്ങിയവര്‍ ഹൈകോടതിയില്‍ റിട്ട് സമര്‍പ്പിച്ചിരുന്നു. ഹരജിയില്‍ സംസ്ഥാന സര്‍ക്കാറിനോട് കോടതി വിശദീകരണം തേടിയിരുന്നു.
ബുധനാഴ്ച കോടതിയില്‍ കേസ് വാദം കേള്‍ക്കാനിരിക്കെയാണ് ഇന്ന് അടിയന്തിരമായി കാഷ്വാലിറ്റ് പ്രവര്‍ത്തനം തുടങ്ങിയത്. സാങ്കേതിക തടസ്സമില്ലെന്ന് കോടതിയെ അറിയിക്കാനുള്ള നീക്കമാണിതെന്നാണ് സംശയം. സംസ്ഥാന സര്‍ക്കാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ഡിഎംഒ, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്, ആശുപത്രി സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് കോടതി വിശദീകരണം തേടിയതിനാല്‍ മുഖം രക്ഷിക്കാനാണ് നീക്കമെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ ഒപി പ്രവര്‍ത്തിക്കുന്ന ഭാഗത്ത് തന്നെയാണ് അത്യാഹിത വിഭാഗവും പ്രവര്‍ത്തിക്കുക. ഒപിയില്‍ രോഗികള്‍ക്ക് കാത്തിരിപ്പിന് സൗകര്യമൊരുക്കിയ ഭാഗം ഉപയോഗപ്പെടുത്തിയാണ് നിരീക്ഷണ വാര്‍ഡ് സജീകരിച്ചിട്ടുള്ളത്.