കണ്ണൂര്‍: അടുത്ത ആഴ്ച നടക്കുന്ന മകന്റെ വിവാഹത്തിനായി നാട്ടിലെത്തിയ പിതാവ് വാഹനാപകടത്തില്‍ മരിച്ചു. കണ്ണൂര്‍ നാറാത്ത് ആലിങ്കീലില്‍ ബൈക്കില്‍ ബസ്സിടിച്ചാണ് കണ്ണാടിപ്പറമ്പ് മാലോട്ട് സ്വദേശി അശ്‌റഫ്(52) മരണപ്പെട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് അപകടം. നാറാത്ത് ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസ്സും അതേ ദിശയില്‍ പോവുകയായിരുന്ന ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ അശ്‌റഫിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ആഗസ്ത് 4, 5 തിയ്യതികളില്‍ മൂത്തമകന്‍ അര്‍ഷിദിന്റെ വിവാഹം നടക്കാനിരിക്കെയാണ് ദാരുണസംഭവം. ഷാര്‍ജയില്‍നിന്ന് രണ്ടാഴ്ച മുമ്പാണ് അശ്‌റഫ് നാട്ടിലെത്തിയത്. വിദേശത്തുള്ള മകന്റെ വിവാഹത്തിനുള്ള ഒരുക്കത്തിനിടെയാണ് അപകടം. നാറാത്ത് ജുമാമസ്ജിദിനു സമീപം അല്‍ബുര്‍ജിലെ കെ എന്‍ റാസിയയാണ് ഭാര്യ. മക്കള്‍: അര്‍ഷിദ്, റസിന്‍, റിസാന്‍, ആയിഷ, പരേതനായ അബ്ദുല്ല. മയ്യിത്ത് കണ്ണൂര്‍ എകെജി ആശുപത്രി മോര്‍ച്ചറിയില്‍.