ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ ഏഴ് വര്‍ഷംവരെ തടവ്; അഞ്ച് ലക്ഷം പിഴ, വീട് ഒഴിയാന്‍ പറയുന്നതടക്കം കുറ്റകരം

ഗൗരവമുള്ള കേസുകളില്‍ കുറ്റക്കാര്‍ക്ക് ഏഴ് വര്‍ഷം വരെ തടവാണ് ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

Update: 2020-04-22 15:14 GMT
ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ ഏഴ് വര്‍ഷംവരെ തടവ്; അഞ്ച് ലക്ഷം പിഴ, വീട് ഒഴിയാന്‍ പറയുന്നതടക്കം കുറ്റകരം

ന്യൂഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഓര്‍ഡിനന്‍സിറക്കി കേന്ദ്ര സര്‍ക്കാര്‍. ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നത് ജാമ്യമില്ലാ കുറ്റകൃത്യമായി കണക്കാക്കും. ഗൗരവമുള്ള കേസുകളില്‍ കുറ്റക്കാര്‍ക്ക് ഏഴ് വര്‍ഷം വരെ തടവാണ് ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

കുറ്റകൃത്യത്തിന്റെ ഗൗരവമനുസരിച്ച് ആറു മാസം മുതല്‍ ഏഴു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് മന്ത്രിസഭാ യോഗത്തിനു ശേഷം കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. 50,000 മുതല്‍ അഞ്ച് ലക്ഷം രൂപ വരെ പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്. ആക്രമണത്തിന്റെ സ്വഭാവം ഗൗരവമുള്ളതല്ലെങ്കില്‍ കുറ്റക്കാരില്‍ നിന്ന് അമ്പതിനായിരം മുതല്‍ രണ്ട് ലക്ഷം രൂപ വരെ പിഴയീടാക്കും. ഗൗരവകരമായ ആക്രമണം ആണെങ്കില്‍ അഞ്ച് ലക്ഷം രൂപ വരെ പിഴയീടാക്കാനാണ് ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുള്ളത്.

30 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കണം. ഈ മഹാമാരിയില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണങ്ങളുണ്ടാകുന്നത് ദൗര്‍ഭാഗ്യകരമാണ്. കൊവിഡ് പരത്തുമെന്ന തെറ്റിദ്ധാരണ മൂലം അവര്‍ക്കുനേരെ നടക്കുന്ന ആക്രമണവും അപമാനവും അംഗീകരിക്കാനാവില്ല. ഇതിന്റെ ഭാഗമായിട്ടാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. രാഷ്ട്രപതി അനുമതി നല്‍കിയശേഷം ഇത് പ്രാബല്യത്തില്‍വരുമെന്നും അദ്ദേഹം വ്യക്തമാക്കി. 120ലേറെ വര്‍ഷം പഴക്കമുള്ള 1897ലെ എപ്പിഡെമിക് ഡിസീസസ് ആക്ടില്‍ ഭേദഗതി വരുത്തിയാണ് ഓര്‍ഡിനന്‍സ് പുറത്തിറക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരുടെയോ സ്ഥാപനങ്ങളുടെയോ വാഹനങ്ങള്‍ക്ക് കേടുപാട് വരുത്തിയാല്‍ വാഹനത്തിന്റെ മാര്‍ക്കറ്റ് വിലയുടെ ഇരട്ടിവില കുറ്റക്കാരില്‍നിന്ന് ഈടാക്കുമെന്നും മന്ത്രി അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ അതിക്രമം നടത്തുന്നവര്‍ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഓര്‍ഡിനന്‍സ് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ഡോക്ടര്‍മാര്‍ക്കെതിരെയോ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമം ഒരുകാരണവശാലും അനുവദിക്കില്ല. ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ പെടുത്തി കൊവിഡ് 19 ചികിത്സ സൗജന്യമാക്കും എന്നും കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു. 

Tags:    

Similar News