ആന്ധ്രയില്‍ വീണ്ടും അജ്ഞാത രോഗം; 25 പേര്‍ ആശുപത്രിയില്‍

Update: 2021-01-23 10:52 GMT

എലുരു: ആന്ധ്രപ്രദേശിലെ ഗോദാവരി ജില്ലയില്‍ അജ്ഞാത രോഗം റിപോര്‍ട്ട് ചെയ്തു. പുല്ല, കൊമിരെപളളി എന്നീ ഗ്രാമങ്ങളിലാണ് ആളുകള്‍ക്ക് അജ്ഞാതമായ രോഗം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. നിന്ന നില്‍പില്‍ കുഴഞ്ഞുവീഴുകയായിരുന്നു ഇവര്‍. കുഴഞ്ഞുവീണവരുടെ വായില്‍ നിന്ന് നുര വന്നിരുന്നു. 22 പേരെയാണ് ഇത്തരത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതില്‍ ആറുപേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. 15 പേര്‍ എലുരുവിലെ ജില്ലാ ആശുപത്രിയിലും ഒരാള്‍ സമീപത്തുളള പ്രാദേശിക ആശുപത്രിയിലും ചികിത്സയിലാണ്.

മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി അവലോകന യോഗം ചേര്‍ന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറി (ആരോഗ്യ) അനില്‍ കുമാര്‍ സിംഗാള്‍, ആരോഗ്യ കമ്മീഷണര്‍ കറ്റാമനേനി ഭാസ്‌കര്‍ എന്നിവര്‍ രോഗം ബാധിച്ച ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാന്‍ നിര്‍ദ്ദേശിച്ചു. രോഗികളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ദേശീയ ഗവേഷണ ലബോറട്ടറികളിലേക്ക് അയച്ചതായി ആന്ധ്രാപ്രദേശ് ചീഫ് സെക്രട്ടറി ആദിത്യനാഥ് ദാസ് പറഞ്ഞു. ദുരിതബാധിത പ്രദേശങ്ങളില്‍ പ്രത്യേക ആരോഗ്യ ക്യാംപുകള്‍ ആരംഭിച്ചു. രാസ വിശകലനത്തിനായി ദുരിതബാധിത ഗ്രാമങ്ങളിലെ എല്ലാ വിപണികളില്‍ നിന്നും വെള്ളവും പച്ചക്കറി സാംപിളുകളും ശേഖരിച്ചു.





Similar News