അനില്‍ നമ്പ്യാരുടെ പരിണാമം നല്‍കുന്ന സൂചനകള്‍
കടുത്ത മുസ്‌ലിംവിരുദ്ധതയില്‍ പാകപ്പെടുത്തിയ ജനം പ്രേക്ഷകന് ആളുകളെ ഉണ്ടാക്കിയത് അതിനു മുമ്പുതന്നെ കേരളത്തില്‍ വാണരുളിയ മതേതര മാധ്യമങ്ങളാണ്. അവര്‍ പാകപ്പെടുത്തിയ മുസ്‌ലിം വിരുദ്ധ രാഷ്ട്രീയമാണ്.
കേരളത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ജനം ടിവിയിലെ കോഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്തു. അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്‌തെങ്കിലും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നാണ് പുറത്തുവന്ന വിവരം. ഇനിയും അദ്ദേഹത്തെ ചോദ്യം ചെയ്‌തേക്കുമെന്നും സൂചനയുണ്ട്.
കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്ന ഒരു പത്രപ്രവര്‍ത്തകന്‍ എന്നതില്‍ വലിയ അദ്ഭുതമൊന്നുമില്ല. അനില്‍ നമ്പ്യാരല്ല ഏത് പത്രപ്രവര്‍ത്തകനായാലും അതിന്റെ പേരില്‍ ചോദ്യംചെയ്യപ്പെട്ടേക്കാം. പക്ഷേ, നമ്മെ സംബന്ധിച്ചിടത്തോളം അനില്‍ നമ്പ്യാര്‍ എന്ന പത്രപ്രവര്‍ത്തകന്റെ പരിണാമമാണ് പ്രധാനം. അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങളിലേക്ക് നാം ശ്രദ്ധപതിപ്പിക്കുന്നതുതന്നെ അത് കേരളത്തിന്റെ പരിണാമത്തെ മനസ്സിലാക്കാന്‍ സഹായിക്കുമെന്നതിനാലാണ്.
ശ്രീബാല കെ മേനോന്‍ സംവിധാനം ചെയ്ത പ്രശസ്തമായ ഒരു ചിത്രമാണ് ലൗ 24ഃ7. ദിലീപും ശ്രീനിവാസനും സുഹാസിനിയും ശശികുമാറും നിഖില വര്‍മയും മുഖ്യവേഷങ്ങള്‍ അവതരിപ്പിക്കുന്ന ഈ സിനിമ, വാര്‍ത്താചാനല്‍ പശ്ചാത്തലത്തില്‍ ഒരു പ്രണയകഥ പറയുകയാണ്. പ്രണയം ഈ സിനിമയില്‍ ലഘുവായ ഒരു കഥാതന്തു മാത്രമാണ്. സിനിമയുടെ പ്രധാനവശം ചാനലുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളാണ്.
ദിലീപിന്റെ രൂപേഷ് നമ്പ്യാര്‍ എന്ന കഥാപാത്രം ചെറുപ്പകാലം മുതല്‍ രൂപേഷ് എന്നറിയപ്പെട്ടയാളാണെന്ന് സിനിമയിലെ ചില സംഭവങ്ങള്‍ സൂചന നല്‍കും. കബനിയെന്ന പെണ്‍കുട്ടിയോട് വാര്‍ത്ത വായിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ ചാനല്‍ മേധാവികളിലൊരാള്‍ പറയുന്നത് പേര് ഗുമ്മുള്ളതാവണം എന്ന് ചാനലിന് നിര്‍ബന്ധമുണ്ടെന്നാണ്. പിന്നീട് ഈ ഗുമ്മ് എന്താണെന്ന് അവര്‍ പറയുന്നു, പേരിനൊപ്പം മേനോന്‍, നായര്‍, വാര്യര്‍... എന്നിങ്ങനെ വേണം. ചിത്രത്തില്‍ ജാതിപ്പേരുകളുടെ കൂട്ടത്തില്‍ നമ്പ്യാര്‍ എന്ന് എടുത്തു പറയുന്നില്ലെങ്കിലും വടക്കന്‍ കേരളത്തില്‍ നിന്ന് വരുന്ന ദിലീപിന്റെ രൂപേഷ്, രൂപേഷ് നമ്പ്യാരാവുന്നതും ഇതേ മട്ടിലായിരിക്കണം.
ഇതേ മട്ടില്‍ ഒരു ചരിത്രമുണ്ട് അനില്‍ നമ്പ്യാര്‍ക്കും. ഒരു എസ്എഫ്‌ഐക്കാരനായി ജീവിതം ആരംഭിച്ച അനില്‍ വി ഒയാണ് പില്‍ക്കാലത്ത് അനില്‍ നമ്പ്യാരായി മാറിയതെന്ന് ഒരു മാധ്യമം കഴിഞ്ഞ ദിവസം ഗവേഷണം നടത്തി കണ്ടെത്തുകയുണ്ടായി. തീര്‍ച്ചയായും കേരളീയ ജാതികോയ്മയുടെ ബലതന്ത്രങ്ങള്‍ ഈ പേര് മാറ്റം സൂചന നല്‍കുന്നുണ്ട്. അത് മാത്രമല്ല, വടക്കന്‍ കേരളത്തിലെ കമ്യൂണിസ്റ്റ് ഐഡന്റിറ്റികള്‍ എത്രമാത്രം ജാതീയമാണെന്ന സൂചനയും നല്‍കുന്നു. അതുകൊണ്ടുതന്നെ ഈ വിമര്‍ശനം അനില്‍ നമ്പ്യാരില്‍ മാത്രമല്ല, ജാതിയില്ലാത്ത കമ്മ്യൂണിസ്റ്റ് കേരളത്തിന്റെയും അടിമുടി ജാതീയമായ ചാനല്‍ രാഷ്ട്രീയത്തിന്റെയും പിന്നാമ്പുറത്തേക്കു കൂടി വെളിച്ചം വീശുന്നു.
സൂര്യ ടിവിയില്‍ മാധ്യമപ്രവര്‍ത്തകനായിരിക്കുമ്പോഴാണ് അനില്‍ തന്റെ പേരിനൊപ്പം നമ്പ്യാരെ കൂടെ കൂട്ടുന്നത്. മറ്റ് ജാതികളും മതങ്ങളും സ്വന്തം സ്വത്വങ്ങള്‍ മറച്ചുവയ്ക്കാന്‍ നിര്‍ബന്ധിതമായ സാഹചര്യത്തിലാണ് വാര്യാന്മാരും നായന്മാരും നമ്പ്യാന്മാരും നമ്പൂതിരിമാരും ആ സ്ഥാനത്ത് അഭിമാനപൂര്‍വം ഞെളിഞ്ഞിരിക്കുന്നത്. ഇതില്‍ അനില്‍ നമ്പ്യാരെ മാത്രം കുറ്റപ്പെടുത്തി നമുക്ക് കൈകഴുകാനാവില്ല. മറിച്ച് കേരളീയ പുരോഗമന സമൂഹത്തിന്റെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന ജാതിയെ തിരിച്ചറിഞ്ഞേ തീരൂ.
അനില്‍ നമ്പ്യാരെന്ന അനില്‍ സ്വര്‍ണക്കടത്തു കേസില്‍ മാത്രമല്ല, വിവാദത്തില്‍ ഉള്‍പ്പെട്ടത്. മറിച്ച് കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് വഴക്കുകളുടെ ഭാഗമായി രൂപം കൊണ്ട വ്യാജരേഖ കേസിലും ഇദ്ദേഹം ഉള്‍പ്പെട്ടു. അന്നത്തെ ടൂറിസം മന്ത്രിയായിരുന്ന പ്രഫ. കെ വി തോമസ്സിന്റെ പ്രതിച്ഛായ തകര്‍ക്കുകയെന്ന ഉദ്ദേശ്യത്തോടെ ഐ ഗ്രൂപ്പുകാരിയായ ശോഭനാ ജോര്‍ജ് നിര്‍മിച്ച വ്യാജരേഖയുപയോഗിച്ച് അനില്‍ വലിയ വിവാദം സൃഷ്ടിച്ചു. തോമസ്സിനെ ഹവാല കേസില്‍ ഉള്‍പ്പെടുത്തി. എങ്കിലും ഒടുവില്‍ സത്യം പുറത്തുവന്നു. അനില്‍ നമ്പ്യാര്‍ മറ്റൊരു പത്രപ്രവര്‍ത്തകനൊപ്പം അറസ്റ്റിലായി.
പക്ഷേ, ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ട മറ്റൊരു സംഭവവുമുണ്ട്. 2000 ഫെബ്രുവരി 6 ന് പട്ടാപ്പകല്‍ ആളുകള്‍ നോക്കി നില്‍ക്കേ പത്മതീര്‍ത്ഥ കുളത്തില്‍ ഒരാളെ മുക്കിക്കൊല്ലുന്നത് അനില്‍ നമ്പ്യാരും കൂട്ടരും ക്യാമറയില്‍ പിടിച്ചെടുത്തു. ഇത്തരമൊരു വാര്‍ത്ത ഷൂട്ട് ചെയ്ത് പുറത്തുവിട്ട ചാനലും നമ്പ്യാരും വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടു. മാത്രമല്ല, അന്ന് ഡസ്‌കിലുണ്ടായിരുന്ന പ്രശസ്തനായ മാധ്യമപ്രവര്‍ത്തകന്‍ ഇതില്‍ പ്രതിഷേധിച്ച് താനിനി ചാനലിലേക്കില്ലെന്ന് പ്രഖ്യാപിച്ച് പത്രപ്രവര്‍ത്തനം തന്നെ അവസാനിപ്പിച്ചു. ഏതായാലും അനില്‍ നമ്പ്യാര്‍ക്ക് അത് ഗുണം ചെയ്തു. അദ്ദേഹം സൂര്യടിവിയുടെ ഹെഡ് ആയി.
അനില്‍ നമ്പ്യാരുടെ പരിണാമം നമുക്ക് കേരളത്തിലെ മാധ്യമ ധാര്‍മികതയെ കുറിച്ചുള്ള ഏകദേശ ധാരണ നല്‍കാന്‍ പര്യാപ്തമാണ്. അദ്ദേഹവും അദ്ദേഹം നേതൃത്വത്തിലിരിക്കുന്ന ജനം ടിവിയും നിലനിന്നുപോകുന്നത് അത് കാണാന്‍ ആളുകളുണ്ട് എന്നതുകൊണ്ടാണ്. ആ ആളുകള്‍ ശൂന്യതയില്‍ നിന്ന് പൊട്ടിവീണതല്ല എന്ന് നാം തിരിച്ചറിഞ്ഞേ പറ്റൂ. കടുത്ത മുസ്‌ലിംവിരുദ്ധതയില്‍ പാകപ്പെടുത്തിയ ജനം പ്രേക്ഷകന് ആളുകളെ ഉണ്ടാക്കിയത് അതിനു മുമ്പുതന്നെ കേരളത്തില്‍ വാണരുളിയ മതേതര മാധ്യമങ്ങളാണ്. അവര്‍ പാകപ്പെടുത്തിയ മുസ്‌ലിം വിരുദ്ധ രാഷ്്ട്രീയമാണ്. അത് ഒരിടത്തേക്ക് വലിച്ചടുപ്പിച്ചുവെന്നതുമാത്രമാണ് ജനം ടിവി ചെയ്തത്. അതുതന്നെയാണ് ഇപ്പോള്‍ മറ്റു മാധ്യമങ്ങള്‍ ചെയ്യുന്നതെന്നതും നാം കാണാതിരുന്നുകൂടാ. മഅദനി കേസ്, ലൗ ജിഹാദ്, ലെറ്റര്‍ ബോംബ്, കുട്ടിക്കടത്ത് കേസ്, പച്ചബ്ലൗസ് വിവാദം, അസംഖ്യം യുഎപിഎ കേസുകള്‍ ഇതൊക്കെ ഈ രാഷ്ട്രീയം ഭംഗിയായി ഉപയോഗിച്ച് കേരളീയ മതേതര മനസ്സാക്ഷി ആവോളം ആസ്വദിച്ചവയാണ്. തെളിവുകള്‍ തീരുന്നില്ല, ഇനിയുമുണ്ട് ധാരാളം. അനില്‍ നമ്പ്യാരെ സൃഷ്ടിച്ചത് ജനം ടിവിയില്ല, മറിച്ച് ജനം ടിവിയെ തന്നെ സൃഷ്ടിച്ചത് കേരളീയ മുസ്‌ലിം വിരുദ്ധ മനസ്സാക്ഷിയാണെന്നാണ് പറഞ്ഞുവരുന്നത്.