അട്ടപ്പാടിയില്‍ ഒരു ശിശുമരണം കൂടി; നാല് ദിവസത്തിനുള്ളില്‍ പൊലിഞ്ഞത് നാല് ജീവനുകള്‍
പാലക്കാട്: അട്ടപ്പാടിയില്‍ ഒരു ശിശുമരണം കൂടി റിപോര്‍ട്ട് ചെയ്തു. 10 മാസം പ്രായമായ അനന്യ എന്ന കുഞ്ഞാണ് മരണപ്പെട്ടത്. അഗളി പഞ്ചായത്തിലെ കതിരമ്പതി ഊരിലെ ഇരുള ഗോത്രത്തില്‍പ്പെട്ട രമ്യ അയ്യപ്പന്റെ പെണ്‍കുഞ്ഞാണ് മരണപ്പെട്ടത്. ഇന്ന് വൈകീട്ട് 6.30ന് കോട്ടത്തറ ജിടിഎസ്എസ്സില്‍വച്ചാണ് മരണം സംഭവിച്ചത്. മരണകാരണം അറിവായിട്ടില്ലെന്ന് അട്ടപ്പാടി ട്രൈബല്‍ ഹെല്‍ത്ത് നോഡല്‍ ഓഫിസര്‍ അറിയിച്ചു. കുഞ്ഞ് എറണാകുളം എയിംസ് ആശുപത്രിയില്‍ ഹൃദയസംബന്ധമായ രോഗത്തിന് ചികില്‍സയിലായിരുന്നു.
2021 ജനുവരി 10ന് തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് കുഞ്ഞ് ജനിക്കുന്നത്. അട്ടപ്പാടിയില്‍ നാല് ദിവസത്തിനിടെ നാല് ശിശുക്കളുടെ ജീവനുകളാണ് പൊലിഞ്ഞിരിക്കുന്നത്. ഇന്നുതന്നെ മൂന്നു ദിവസം പ്രായമായ ആണ്‍കുഞ്ഞും മരണപ്പെട്ടിരുന്നു. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ വീട്ടിയൂര്‍ ആദിവാസി ഊരിലെ ഗീതു- സുനീഷ് ദമ്പതികളുടെ ആണ്‍കുഞ്ഞാണ് മരിച്ചത്. ഈ വര്‍ഷം ഇത് വരെ 10 കുട്ടികള്‍ മരിച്ചുവെന്നാണ് കണക്ക്.
മാര്‍ച്ചിനുശേഷം എട്ടാമത്തെ മരണവും. നിരന്തരം ആവര്‍ത്തിക്കുന്ന സംഭവങ്ങളായി അട്ടപാടിയിലെ ശിശുമരണം മാറുകയാണ്. അട്ടപാടിയിലെ ചികില്‍സാ സംവിധാനങ്ങളുടെ അഭാവത്തിലേക്കാണ് സംഭവം വിരല്‍ചൂണ്ടുന്നത്. രണ്ട് ദിവസം മുമ്പാണ് തൂവ ഊരിലെ വല്ലി, രാജേന്ദ്രന്‍ ദമ്പതികളുടെ ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ചത്. കുഞ്ഞിന് തൂക്കം കുറവായിരുന്നതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് മരണം.
അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ ഗര്‍ഭിണികള്‍ക്ക് വിദഗ്ധ ചികില്‍സ കിട്ടുന്നില്ലെന്ന് മരിച്ച കുഞ്ഞിന്റെ ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലെത്തിയിട്ടും മതിയായ ചികില്‍സ കിട്ടിയില്ലെന്നും ഇതാണ് കുഞ്ഞ് മരിക്കാന്‍ കാരണമായതെന്നും ബന്ധുക്കള്‍ ആരോപിച്ചു.