ജമ്മുവിലെ കശ്മീര്‍ വിരുദ്ധ സംഘര്‍ഷം: സംഘപരിവാരം മുഴക്കിയത് അത്യന്തം പ്രകോപനപരമായ മുദ്രാവാക്യം
സൈനികര്‍ കൊല്ലപ്പെട്ട സംഭവം മുസ്ലിംകള്‍ക്കെതിരേ തിരിച്ചുവിട്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി ലാഭം കൊയ്യാനുള്ള സംഘപരിവാര നീക്കമാണ് മുസ്ലിംവിരുദ്ധ സംഘര്‍ഷങ്ങള്‍ക്കും മുദ്രാവാക്യങ്ങള്‍ക്കും പിറകിലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
ജമ്മു: പുല്‍വാമയില്‍ സൈന്യത്തിനെതിരേ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ജമ്മുവില്‍ നടന്ന കശ്മീരി വിരുദ്ധ പ്രക്ഷോഭത്തിനിടെ സംഘപരിവാരം മുഴക്കിയത് അത്യന്തം പ്രകോപനപരമായ മുദ്രാവാക്യം. ബജറംഗ ദള്‍, ശിവസേന, ദോഗ്രാ ഫ്രണ്ട് എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് മുസ്ലിംകള്‍ക്കെതിരേ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.
അല്ലാഹുവിന്റെ നാമം ഉച്ചരിക്കാന്‍ ഒരാളെയും അനുവദിക്കില്ലെന്നും മുസ്ലിംകളെ ഇവിടെ തുടരാന്‍ അനുവദിക്കില്ലെന്നും അര്‍ത്ഥം വരുന്ന അല്ലാ ഉല്ല കഹന്‍ നഹി ദേനാ, ഏക് ബി സുല്ലാ റെഹന്‍ നഹി ദേനാ എന്ന മുദ്രാവാക്യവുമായാണ് സംഘം തെരുകളില്‍ അഴിഞ്ഞാടിയതെന്ന് ദ വയര്‍ റിപോര്‍ട്ട് ചെയ്യുന്നു.
പ്രതിഷേധ പ്രകടനത്തിനിടെ കശ്മീരി രജിസ്‌ട്രേഷനുള്ള വാഹനങ്ങള്‍ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയും വിവിധയിടങ്ങളില്‍ 50ല്‍ അധികം വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തതായി കശ്മീരി മാധ്യമമായ കശ്മീരിയത്ത് റിപോര്‍ട്ട് ചെയ്തിരുന്നു.
സൈനികര്‍ കൊല്ലപ്പെട്ട സംഭവം മുസ്ലിംകള്‍ക്കെതിരേ തിരിച്ചുവിട്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി ലാഭം കൊയ്യാനുള്ള സംഘപരിവാര നീക്കമാണ് മുസ്ലിംവിരുദ്ധ സംഘര്‍ഷങ്ങള്‍ക്കും മുദ്രാവാക്യങ്ങള്‍ക്കും പിറകിലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
പുരാനി മന്ദി, ജുവല്‍ ചൗക്, ദോഗ്ര ചൗക്, റിഹാരി, ജനിപൂര്‍, ഗാന്ധി നഗര്‍, ബക്ഷി നഗര്‍ തുടങ്ങി നിരവധിയിടങ്ങളില്‍ പ്രതിഷേധ റാലികള്‍ നടന്നു. പ്രതിഷേധ റാലികള്‍ അക്രമാസക്തമായതോടെ ജമ്മു നഗരത്തിലെ വിവിധ മേഖലകളില്‍ പോലിസ് കര്‍ഫ്യൂ ഏര്‍പ്പെടുത്തി.