വിസ്മയ കേസ്:കോടതി വിധി സ്വാഗതാര്‍ഹം,സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള പാഠമെന്നും ആന്റണി രാജു
കിരണിനെ പിരിച്ചുവിട്ടപ്പോള്‍ തനിക്കെതിരെ ഉയര്‍ന്ന ചോദ്യങ്ങള്‍ക്കുളള മറുപടിയാണ് ഈ വിധിയെന്നും ആന്റണി രാജു പറഞ്ഞു
തിരുവനന്തപുരം:വിസ്മയ കേസിലെ കോടതി വിധി സ്വാഗതം ചെയ്ത് മന്ത്രി ആന്റണി രാജു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുളള പാഠമാണ് ഈ വിധിയെന്നും,കിരണ്‍ കുമാറിനെതിരായ സര്‍ക്കാരെടുത്തത് മാതൃകാപരമായ നടപടിയാണെന്നും മന്ത്രി വ്യക്തമാക്കി.
മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് കിരണിനെ പിരിച്ചുവിട്ട തീരുമാനം ഉചിതമാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്.കിരണിനെ പിരിച്ചുവിട്ടപ്പോള്‍ തനിക്കെതിരെ ഉയര്‍ന്ന ചോദ്യങ്ങള്‍ക്കുളള മറുപടിയാണ് ഈ വിധി. ഗതാഗത വകുപ്പ് നല്‍കിയത് ഏറ്റവും വലിയ ശിക്ഷയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ഒരു ഉദ്യോഗസ്ഥനും സംരക്ഷണം നല്‍കില്ല എന്ന വ്യക്തമായ സന്ദേശം നല്‍കാന്‍ സര്‍ക്കാരിനായതില്‍ സന്തോഷമുണ്ടെന്നും ആന്റണി രാജു പറഞ്ഞു.
കിരണിനെതിരെ എടുത്ത നടപടി മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരായ ഗാര്‍ഹിക പീഡന പരാതികളുടെ എണ്ണം കുറയ്ക്കാന്‍ ഇടയാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കിരണിന് ഇനി ഒരു സര്‍ക്കാര്‍ ജോലി പോലും ലഭിക്കാത്ത വിധത്തില്‍ പഴുതടച്ച നടപടികളാണ് വകുപ്പുതലത്തില്‍ ഉണ്ടായിരിക്കുന്നത്.ജീവപര്യന്തം തടവുശിക്ഷ എങ്കിലും നല്‍കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി ആന്റണി രാജു കൂട്ടിച്ചേര്‍ത്തു.
കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിസ്മയ കേസില്‍ വിധി പ്രസ്താവിച്ചിരിക്കുന്നത്.അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത്താണ് വിധി പ്രസ്താവിച്ചത്.കിരണ്‍ കുമാറിനെതിരെ ഏഴ് വകുപ്പുകളാണ് ചുമത്തിയിരുന്നത്.ശിക്ഷാ വിധി കോടതി നാളെ പ്രസ്താവിക്കും. ഇയാളുടെ ജാമ്യം കോടതി റദ്ദാക്കി.
2021 ജൂണ്‍ 21 നാണ് വിസ്മയ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.സ്ത്രീധനമായി നല്‍കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വര്‍ണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്നാണ് കേസ്.