സെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു
പ്രോസ്‌പെക്ടസും സിലബസും എല്‍ബിഎസ് സെന്ററിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
തിരുവനന്തപുരം: ഹയര്‍ സെക്കണ്ടറി, നോണ്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിര്‍ണയ പരീക്ഷയായ സെറ്റ് (സ്‌റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്രോസ്‌പെക്ടസും സിലബസും എല്‍ബിഎസ് സെന്ററിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ബിരുദാനന്തര ബിരുദ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് അല്ലെങ്കില്‍ തത്തുല്യ ഗ്രേഡും ബി.എഡും ആണ് അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ് വേണമെന്ന നിബന്ധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എല്‍.ടി.ടി.സി, ഡി.എല്‍.ഇ.ഡി തുടങ്ങിയ ട്രെയിനിംഗ് കോഴ്‌സുകള്‍ വിജയിച്ചവരെ സെറ്റിന് പരിഗണിക്കും. എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെടുന്നവര്‍ക്കും പി.ഡബ്ല്യൂ.ഡി വിഭാഗത്തില്‍പ്പെടുന്നവര്‍ക്കും ബിരുദാനന്തര ബിരുദത്തിന് 5 ശതമാനം മാര്‍ക്കിളവ് അനുവദിച്ചിട്ടുണ്ട്.
അടിസ്ഥാന യോഗ്യതയില്‍ ഒന്നുമാത്രം നേടിയവര്‍ക്ക് താഴെ പറയുന്ന നിബന്ധനകള്‍ പ്രകാരം സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം.
പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം മാത്രം നേടിയവര്‍ ബിഎഡ് കോഴ്‌സ് അവസാന വര്‍ഷം പഠിച്ചുകൊണ്ടിരിക്കുന്നവര്‍ ആയിരിക്കണം. അവസാന വര്‍ഷ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സ് പഠിക്കുന്നവര്‍ക്ക് ബി.എഡ് ബിരുദം ഉണ്ടായിരിക്കണം.മേല്‍ പറഞ്ഞ നിബന്ധന (1 & 2) പ്രകാരം സെറ്റ് പരീക്ഷ എഴുതുന്നവര്‍ അവരുടെ പി.ജി/ബി.എഡ്. പരീക്ഷയുടെ നിശ്ചിത യോഗ്യത സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച തീയതി മുതല്‍ ഒരു വര്‍ഷത്തിനകം നേടിയിരിക്കണം. അല്ലാത്തപക്ഷം അവരെ ആ ചാന്‍സില്‍ സെറ്റ് പരീക്ഷ പാസ്സായതായി പരിഗണിക്കുന്നതല്ല.
പരീക്ഷയ്ക്ക് ഓണ്‍ലൈന്‍ ആയി ഏപ്രില്‍ 6 മുതല്‍ 20 വരെ രജിസ്റ്റര്‍ ചെയ്യാം. ജനറല്‍/ഒ.ബി.സി വിഭാഗങ്ങളില്‍ 1,000 രൂപയും എസ്.സി/ എസ്.ടി/ പി.ഡബ്ല്യൂ.ഡി എന്നീ വിഭാഗങ്ങളില്‍ 500 രൂപയുമാണ് ഫീസ്. ഇത് ഓണ്‍ലൈന്‍ ആയി അടയ്ക്കണം. പി.ഡബ്ല്യൂ.ഡി വിഭാഗത്തില്‍പ്പെടുന്നവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, എസ്.സി/ എസ്.ടി/ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍, ഒ.ബി.സി, നോണ്‍ക്രീമിലെയര്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ (2021 ഏപ്രില്‍ 7നും 2022 ഏപ്രില്‍ 25നും ഇടയില്‍ ലഭിച്ചതായിരിക്കണം) എന്നിവ സെറ്റ് പാസ്സാകുന്ന പക്ഷം അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.
അപേക്ഷിക്കുന്നവര്‍ നിര്‍ബന്ധമായും എല്‍ബിഎസ്. സെന്ററിന്റെ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തിരിക്കണം. ഇതിനുള്ള നിര്‍ദേശം പോസ്‌പെക്ടസില്‍ വിശദമായി നല്‍കിയിട്ടുണ്ട്.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ എപ്രില്‍ 20ന് വൈകിട്ട് അഞ്ചിനു മുന്‍പായി പൂര്‍ത്തിയാക്കണം. കൂടുതല്‍ വിവരങ്ങള്‍: www.lbscetnre.kerala.gov.in.