പിഡിപി നേതാവിന്റെ പരാതി: അര്‍ണബിനെതിരേ ജാമ്യമില്ലാ വാറന്റ്

തനിക്കെതിരെ അടിസ്ഥാനരഹിതമായ അഴിമതി ആരോപണം ഉന്നയിച്ചെന്നായിരുന്നു അക്തറിന്റെ പരാതി.

Update: 2019-02-25 10:25 GMT

ശ്രീനഗര്‍: കശ്മീരിലെ പിഡിപി നേതാവ് നഈം അക്തര്‍ നല്‍കിയ കേസില്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കും റിപബ്ലിക് ടിവിയിലെ തന്നെ മറ്റ് മൂന്നു മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരേ ശ്രീനഗര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. തനിക്കെതിരെ അടിസ്ഥാനരഹിതമായ അഴിമതി ആരോപണം ഉന്നയിച്ചെന്നായിരുന്നു അക്തറിന്റെ പരാതി.

റിപബ്ലിക് ടിവിയിലെ മാധ്യമപ്രവര്‍ത്തകരായ ആദിത്യ രാജ് കൗള്‍, സീനത്ത് ഫാസില്‍, സാകല്‍ ഭട്ട് എന്നിവര്‍ക്കെതിരെയും പരാതിയില്‍ പരാമര്‍ശമുണ്ട്. കേസില്‍ ഫെബ്രുവരി ഒമ്പതിന് കോടതി മുമ്പാകെ ഹാജരാകാന്‍ അര്‍ണബ് ഉള്‍പ്പെടെ നാലു മാധ്യമപ്രവര്‍ത്തകരോട് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവര്‍ ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് അറസ്റ്റ് വാറന്റ്. മാര്‍ച്ച് 23ന് നാലു പേരെയും കോടതിയില്‍ ഹാജരാക്കാനാണ് ജില്ലാ പോലിസ് മേധാവിക്ക് കോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം. ഹാജരാകാന്‍ ജോലി തിരക്കും മറ്റു കാരണങ്ങളും ചൂണ്ടിക്കാട്ടി അസൗകര്യമുണ്ടെന്നറിയിച്ചെങ്കിലും ഇവരുടെ ഹരജി കോടതി തള്ളുകയായിരുന്നു.

Tags:    

Similar News