ആധാര്‍ വിവരങ്ങള്‍ പുതുക്കുന്നതിന് പൊതു സേവന കേന്ദ്രങ്ങള്‍ക്ക് അനുമതി
രാജ്യത്തൊട്ടാകെ 20,000 കേന്ദ്രങ്ങളില്‍ ഈ സൗകര്യം ലഭ്യമാകും.
ന്യൂഡല്‍ഹി: രാജ്യത്തെ ഗ്രാമീണ മേഖലയിലുള്ളര്‍ക്ക് ആധാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുതുക്കുന്നതിന് കേന്ദ്ര ഐടി, ഇലക്ട്രോണിക്‌സ് മന്ത്രാലയത്തിന്റെ കീഴിലുള്ള പ്രത്യേകോദ്ദേശ്യ സംവിധാനമായ പൊതു സേവന കേന്ദ്രങ്ങള്‍ക്ക് (സിഎസ്‌സി) യൂണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ) അനുമതി നല്‍കി. ബാങ്കിംഗ് കറസ്‌പോണ്ടന്റായി പ്രവര്‍ത്തിക്കുന്ന 20,000 പൊതു സേവന കേന്ദ്രങ്ങള്‍ വഴി ആധാര്‍ സേവനങ്ങള്‍ ലഭ്യമാകുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി രവിശങ്കര്‍ പ്രസാദ് ട്വിറ്റര്‍ സന്ദേശത്തിലൂടെ അറിയിച്ചു.
യുഐഡിഎഐയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാന്‍ കേന്ദ്ര മന്തി പൊതു സേവന കേന്ദ്രങ്ങളോട് ആഹ്വാനം ചെയ്തു. ഗ്രാമീണ മേഖലയിലുള്ളവര്‍ക്ക് ആധാറുമായി ബന്ധപ്പെട്ട സേവനങ്ങള്‍ തൊട്ടടുത്ത് ലഭിക്കുന്നതിന് ഈ കേന്ദ്രങ്ങള്‍ സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.
പൊതു സേവന കേന്ദ്രങ്ങളോട് അനുബന്ധിച്ച് ബാങ്കിംഗ് സൗകര്യവും അടിസ്ഥാന സൗകര്യങ്ങളും ആവശ്യമായ അംഗീകാരങ്ങളും ഏര്‍പ്പെടുത്തി ജൂണോടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ യുഐഡിഎഐ നിര്‍ദേശിച്ചു. എത്രയും വേഗം പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി സാങ്കേതികവും അല്ലാത്തതുമായ നടപടികള്‍ വേഗം പൂര്‍ത്തിയാക്കാന്‍ ബ്രാഞ്ചുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി പൊതു സേവന കേന്ദ്രം സിഇഒ ഡോ. ദിനേശ് ത്യാഗി അറിയിച്ചു. ഈ സേവനങ്ങള്‍ നല്‍കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ഡിജിറ്റല്‍ ഇന്ത്യ' എന്ന ലക്ഷ്യം നേടാന്‍ സഹായിക്കുമെന്നും ഡോ. ത്യാഗി പറഞ്ഞു.
പൊതു സേവന കേന്ദ്രങ്ങള്‍ വഴി ആധാര്‍വിവരങ്ങള്‍ പുതുക്കാനുള്ള സൗകര്യമൊരുക്കുന്നത് സാധാരണ ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകുമെന്നാണു സര്‍ക്കാര്‍ കണക്കു കൂട്ടുന്നത്.