ആധാറും തണ്ടപ്പേരും ബന്ധിപ്പിക്കുന്നു; പോക്കുവരവ് നിയമത്തില്‍ ഭേദഗതി
ഒരു ആധാറിന്റെ ഉടമയ്ക്ക് എത്ര ഭൂമിയുണ്ടെന്ന് ഇതുവഴി സര്‍ക്കാരിന് മനസ്സിലാക്കാനാവും.
തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂഉടമസ്ഥരുടെ തണ്ടപ്പേര്‍ ആധാറുമായി ബന്ധിപ്പിക്കുന്നു. ഇതിനു വേണ്ടി പോക്ക് വരവ് ചട്ടങ്ങളില്‍ ഉടന്‍ ഭേദഗതി കൊണ്ടുവരും. ഇതിനു വേണ്ടി ഓരോരുത്തര്‍ക്കും 13 അക്കമുള്ള തണ്ടപ്പേര്‍ നല്‍കും.
അടുത്ത തവണ നികുതി അടക്കണമെങ്കില്‍ ആധാര്‍ നമ്പര്‍ കൂടി നല്‍കണം. അതോടെ ഓരോരുത്തര്‍ക്കും ഓരോ തണ്ടപ്പേര്‍ ലഭിക്കും. ഒരു ആധാറില്‍ ഒരാള്‍ക്ക് ഒരു തണ്ടപ്പേര്‍ മാത്രമേ ഉണ്ടായിരിക്കുകയുളളു. മറ്റൊരു ഭൂമി വാങ്ങണമെങ്കില്‍ ആധാര്‍ നമ്പര്‍ നല്‍കണം. അപ്പോള്‍ ലഭിക്കുന്ന തണ്ടപ്പേരും ഇതു തന്നെയായിരിക്കും. ഒരു ആധാറിന്റെ ഉടമയ്ക്ക് എത്ര ഭൂമിയുണ്ടെന്ന് ഇതുവഴി സര്‍ക്കാരിന് മനസ്സിലാക്കാനാവും.
ക്രമവിരുദ്ധമായി ഭൂവിനിമയം ഒഴിവാക്കാനും അത്തരക്കാരെ നിരീക്ഷിക്കാനും പുതിയ നിയമം സഹായിക്കും. ബിനാമി പേരുകളിലെ ഭൂവിനിമയം ഒഴിവാക്കാമെന്നതാണ് ഇതിന്റെ മെച്ചം. പരിധിയില്‍ കൂടുതല്‍ സ്ഥലം കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്താനും സാധിക്കും.
നിയമ, റവന്യു വകുപ്പുകള്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. 2020 ജനുവരി മുതല്‍ തന്നെ ഇത് പ്രാബല്യത്തില്‍ വരും. കേരള ലാന്റ് റിഫോം (ഭേദഗതി)നിയമം, 1969 ന്റെ സുവര്‍ണജൂബിലി പ്രമാണിച്ചാണ് ഇത്തരമൊരു നിയമം കൊണ്ടുവരുന്നത്.