ഇന്ത്യയില്‍ നിന്ന് പലപ്പോഴായി കടത്തിക്കൊണ്ടുപോയ പുരാവസ്തുക്കള്‍ തിരികെ നല്‍കി ഓസ്‌ട്രേലിയ
ന്യൂഡല്‍ഹി: രാജ്യത്ത് നിന്ന് പല സമയത്തായി കടത്തിക്കൊണ്ടുപോയ പുരാവസ്തുക്കളില്‍ 29 എണ്ണം തിരികെ നല്‍കി ഓസ്‌ട്രേലിയ. ഇന്ത്യ ഓസ്‌ട്രേലിയ ഉച്ചകോടിക്ക് മുന്നോടിയായി ആണ് ഇവ രാജ്യത്ത് തിരികെയെത്തിച്ചത്. ചരിത്രപ്രാധാന്യമുള്ള പുരാവസ്തുക്കളാണ് തിരികെ എത്തിച്ചവയില്‍ ഏറെയും. ഇവ തിരികെ നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്‌ട്രേലിയയ്ക്ക് നന്ദി പറഞ്ഞു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചിത്രങ്ങളും ശില്‍പങ്ങളും ജൈന പാരമ്പര്യവുമായി ബന്ധപ്പെട്ട രേഖകളും അടക്കമുള്ളവയാണ് രാജ്യത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ എത്തിയിരിക്കുന്നത്.
2019ലാണ് ഓസ്‌ട്രേലിയയുടെ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ഇവ തിരികെ എത്തിക്കുമെന്ന് പ്രഖ്യാപിച്ചത്. 2014 മുതല്‍ 200 പുരാവസ്തുക്കളാണ് ഇത്തരത്തില്‍ തിരികെ ഇന്ത്യയിലെത്തിയത്. രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, തെലങ്കാന, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് കടത്തിക്കൊണ്ടുപോയ പുരാവസ്തുക്കളില്‍ ഏറെയും. ലോകത്തിന്റെ പല ഭാഗങ്ങളില്‍ ഉള്ള രാജ്യത്തിന്റെ പാരമ്പര്യ സ്വത്തുക്കള്‍ ഉള്ളവ തിരികെ എത്തിക്കുന്നതിന്റെ ഭാഗമായാണ് ഇവ തിരികെയെത്തുന്നത്.
9ാം നൂറ്റാണ്ടില്‍ നിര്‍മ്മിതമായ ശിവ ഭൈരവ, പന്ത്രണ്ടാം നൂറ്റാണ്ടിലെ സാംഭന്ധര്‍, ജിന പ്രതിമ, മഹാരാജാ സിര്‍ കിഷന്‍ പെര്‍ഷാദ് യാമിന്‍ ലാല ദീന്‍ ദയാലിന്റെ ഛായ ചിത്രം, എന്നിവ തിരികെ എത്തിയ പുരാവസ്തുക്കളില്‍ ഉള്‍പ്പെടുന്നു. അലങ്കാര വസ്തുക്കള്‍, ഛായാചിത്രങ്ങള്‍, ശക്തി, ശിവനും ശിഷ്യഗണങ്ങളും, മഹാവിഷ്ണുവിന്റെ അവതാരങ്ങള്‍, ജൈന്‍ സംസ്‌കാരം തുടങ്ങിയ ആറ് വിഭാഗങ്ങളിലുള്ളവയാണ് തിരികെ എത്തിച്ചിരിക്കുന്ന പുരാവസ്തുക്കള്‍.