കണ്ണില്ലാത്ത ക്രൂരത; കര്‍ണാടകയില്‍ 46 ഓളം കുരങ്ങുകളെ വിഷം കൊടുത്ത് കൊന്നു
ബംഗളൂരു: കര്‍ണാടകയില്‍ 46 ഓളം കുരങ്ങുകളെ വിഷം കൊടുത്ത് കൊന്നശേഷം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഹസന്‍ ജില്ലയിലെ സക് ലേഷ്പൂര്‍ ബേഗര്‍ ക്രോസ് റോഡിലാണ് കണ്ണില്ലാത്ത ക്രൂരതയുടെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ക്രൂരമായി മര്‍ദ്ദിച്ച് അവശയാക്കിയശേഷമാണ് കുരങ്ങുകളെ ചാക്കില്‍ കെട്ടി വഴിയരികില്‍ ഉപേക്ഷിച്ചിരിക്കുന്നത്. ബുധനാഴ്ച രാത്രിയാണ് സംഭവം പുറത്തുവരുന്നത്. പ്രദേശവാസികള്‍ അറിയിച്ചതനുസരിച്ച് പോലിസ് സ്ഥലത്തെത്തി.
60 കുരങ്ങുകളെയാണ് വിഷം നല്‍കി മര്‍ദ്ദിച്ച് ഉപേക്ഷിച്ചത്. ഇതില്‍ 46 എണ്ണം ചത്തതായി പോലിസിനെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. ബാക്കിയുള്ള 14 ഓളം കുരങ്ങുകളെ സമീപത്തെ മൃഗാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ വച്ചു നടത്തിയ പരിശോധനയിലാണ് കുരങ്ങുകള്‍ക്ക് വിഷം നല്‍കിയതായി മനസ്സിലായത്. സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. പ്രാഥമികാന്വേഷണത്തില്‍ കുരങ്ങുകള്‍ക്ക് വിഷം നല്‍കിയതാണെന്ന് വ്യക്തമായതായും കേസ് രജിസ്റ്റര്‍ ചെയ്തതായും സക്ലേഷ്പൂര്‍ പോലിസ് അറിയിച്ചു.