മൗലാനാ കലീം സിദ്ദീഖിയുടെ അറസ്റ്റ് ശങ്കരാചാര്യരുടെ അറസ്റ്റിന് തുല്യം: സഫറുല്‍ ഇസ്‌ലാം ഖാന്‍

മൗലാന കലീം സിദ്ദീഖിയെ മൂന്ന് പതിറ്റാണ്ടായി അറിയാമെന്നും ആദരണീയനായ വ്യക്തിത്വമാണ് അദ്ദേഹമെന്നും ഇസ് ലാം ഖാന്‍ പറഞ്ഞു.

Update: 2021-09-23 11:24 GMT

ന്യൂഡല്‍ഹി: പ്രമുഖ ഇസ് ലാമിക പണ്ഡിതന്‍ മൗലാനാ കലീം സിദ്ദീഖിയെ അറസ്റ്റ് ചെയ്ത നടപടി ശങ്കരാചാര്യരെ അറസ്റ്റ് ചെയ്യുന്നതിന് തുല്ല്യമാണെന്ന് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ സഫറുല്‍ ഇസ് ലാം ഖാന്‍. മൗലാനയെ അറസ്റ്റ് ചെയ്ത യുപി പോലിസിന്റെ നടപടി വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതാണ്. യുപി തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി സാമുദായിക സംഘര്‍ഷം സൃഷ്ടിക്കാനും ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഭയം സൃഷ്ടിച്ച് അരക്ഷിതാവസ്ഥയിലാക്കാനുമാണ് യോഗി ഭരണകൂടം ശ്രമിക്കുന്നതെന്നും സഫറുല്‍ ഇസ് ലാം ഖാന്‍ പറഞ്ഞു. മില്ലി ഗസറ്റിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൗലാന കലീം സിദ്ദീഖിയെ മൂന്ന് പതിറ്റാണ്ടായി അറിയാമെന്നും ആദരണീയനായ വ്യക്തിത്വമാണ് അദ്ദേഹമെന്നും ഇസ് ലാം ഖാന്‍ പറഞ്ഞു. പ്രമുഖനായ മുസ് ലിം പണ്ഡിതനെ അറസ്റ്റ് ചെയ്ത നടപടി ശങ്കരാചാര്യയെ അറസ്റ്റ് ചെയ്യുന്നതിന് തുല്ല്യമാണെന്നും അദ്ദേഹം പറഞ്ഞു.

നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന നുണക്കഥയുണ്ടാക്കി മുസ് ലിം നേതാക്കളേയും പണ്ഡിതന്‍മാരെയും വേട്ടയാടുകയാണ് ബിജെപി ഭരണകൂടം. നുണ പ്രചാരണങ്ങളിലൂടെ ഹിന്ദു സമുദായത്തില്‍ ആശങ്കയുണ്ടാക്കുകയും സാമുദായിക ധ്രുവീകരണവുമാണ് ബിജെപിയുടെ ലക്ഷ്യം. കുറച്ചാളുകള്‍ ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുന്നതോ മത പരിവര്‍ത്തനം നടത്തുന്നതോ നമ്മുടെ ജനാധിപത്യ വ്യവസ്ഥക്ക് ഒരു കോട്ടവും ഉണ്ടാക്കുന്നില്ല. മുസ് ലിംകള്‍ ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു എന്ന് എന്ന് നാം നിരന്തരം കേള്‍ക്കുന്നു. ബിജെപി ഇത്തരം വാര്‍ത്തകളെ ആഘോഷിക്കുകയും ചെയ്യുന്നു. എന്നാല്‍, ഇത്തരം മതപരിവര്‍ത്തനങ്ങളെ മുസ് ലിംകള്‍ എതിര്‍ക്കുകയോ അതിന്റെ പേരില്‍ കരയുകയോ ചെയ്യുന്നില്ല. മത പരിവര്‍ത്തനം ആരോപിച്ച് മുസ് ലിം പണ്ഡിതരെ വേട്ടയാടുന്ന ബിജെപി നടപടി അപലപനീയമാണെന്നും സഫറുല്‍ ഇസ് ലാം ഖാന്‍ പറഞ്ഞു.

Tags:    

Similar News