ഡല്‍ഹിയില്‍ മലയാളി മാധ്യമപ്രവര്‍ത്തകനെതിരേ അറസ്റ്റ് വാറണ്ട്

ഡല്‍ഹി പോലിസ് രാത്രിയിലാണ് വാറണ്ടുമായി രവി നായറുടെ വീട്ടിലെത്തിയത്. ഗുജറാത്തിലെ ഗാന്ധി നഗറിലെ കോടതിയില്‍ ഹാജരാകാന്‍ രവി നായര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Update: 2022-07-25 19:12 GMT

ന്യൂഡല്‍ഹി: ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി മാധ്യമ പ്രവര്‍ത്തകനെതിരെ ഗുജറാത്ത് കോടതിയുടെ അറസ്റ്റ് വാറണ്ട്. അദാനി ഗ്രൂപ്പിനെതിരെ വ്യാജ വാര്‍ത്ത നല്‍കിയെന്ന പരാതിയില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍ രവി നായര്‍ക്കെതിരെയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

ഡല്‍ഹി പോലിസ് രാത്രിയിലാണ് വാറണ്ടുമായി രവി നായറുടെ വീട്ടിലെത്തിയത്. ഗുജറാത്തിലെ ഗാന്ധി നഗറിലെ കോടതിയില്‍ ഹാജരാകാന്‍ രവി നായര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് അനുകൂല നയങ്ങള്‍ക്കെതിരെയാണ് വാര്‍ത്തകള്‍ നല്‍കിയിരുന്നതെന്ന് രവി നായര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഈ വാര്‍ത്തകളുടെ പേരില്‍ അദാനി ഗ്രൂപ്പില്‍ നിന്ന് പലകുറി കേസ് നല്‍കുമെന്ന് ഭീഷണിയുണ്ടായിരുന്നുവെന്നും രവി നായര്‍ പറഞ്ഞു. ദി ഹിന്ദു ദിനപ്പത്രത്തിന്റെ ദൈ്വവാരികയായ ഫ്രണ്ട് ലൈന്‍, ദി വയര്‍, ന്യൂസ് ക്ലിക്ക് അടക്കം നിരവധി പ്രസിദ്ധീകരണങ്ങള്‍ക്കായി വാര്‍ത്തകള്‍ എഴുതുന്ന വ്യക്തിയാണ് രവി നായര്‍.

ഒരു കോര്‍പറേറ്റ് ഗ്രൂപ്പിനെതിരെയും വാര്‍ത്തകള്‍ നല്‍കാറില്ലെന്ന് രവി നായര്‍ പറഞ്ഞു. സര്‍ക്കാരിന്റെ നിലപാടുകള്‍ക്കും, സര്‍ക്കാരിനും എതിരായാണ് വാര്‍ത്തകള്‍ നല്‍കിയത്. കോര്‍പറേറ്റ് ഗ്രൂപ്പിനെതിരെ വാര്‍ത്ത നല്‍കിയിട്ടില്ല. ഏത് വാര്‍ത്തയാണ് എന്താണ് എന്നൊന്നും ഇതുവരെ അറിയില്ല. പൊലീസ് വീട്ടിലെത്തിയപ്പോഴാണ് കാര്യങ്ങള്‍ അറിഞ്ഞത്. അതുവരെ ഒന്നും അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Tags:    

Similar News