മദ്യനയ കേസില്‍ ജാമ്യം തേടി അരവിന്ദ് കെജ് രിവാള്‍; ഹരജി ജൂലൈ അഞ്ചിന് പരിഗണിക്കും

Update: 2024-07-03 13:33 GMT

ന്യൂഡല്‍ഹി; ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ വീണ്ടും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സിബിഐ രജിസ്റ്റര്‍ ചെയ്ത അഴിമതി കേസില്‍ ജാമ്യത്തിനായി കെജ്രിവാള്‍ നേരിട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. കെജ്രിവാളിന്റെ ഹരജി ജൂലൈ അഞ്ചിന് പരിഗണിക്കുമെന്ന് ഡല്‍ഹി ഹൈക്കോടതി അറിയിച്ചു.

മദ്യനയ കേസിലെ അന്വേഷണങ്ങളുടെ മറവില്‍ സിബിഐ തുടര്‍ച്ചയായി തന്നെ ഉപദ്രവിക്കുകയാണെന്ന് കെജ്രിവാള്‍ ഹരജിയില്‍ ആരോപിച്ചു. തന്നെ നിരന്തരം ആക്രമിക്കുന്ന സിബിഐയുടെ ക്രൂരത കടുത്ത നിരാശയും ആശങ്കയുമുണ്ടാക്കുന്ന കാര്യമാണെന്നും തന്റെ ഹരജിയില്‍ അരവിന്ദ് കെജ്രിവാള്‍ ആരോപിക്കുന്നുണ്ട്.

നിയമാനുസൃതമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കെജ്രിവാളിനെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തതെന്നും ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ടെന്നും കെജ്‌രിവാളിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ രജത് ഭരദ്വാജ് പറഞ്ഞു. ആക്ടിംഗ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് തുഷാര്‍ റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് കെജ്രിവാളിന്റെ ഹരജി പരിഗണിക്കുക. ഹരജി വ്യാഴാഴ്ച പരിഗണിക്കണമെന്നായിരുന്നു കെജ്രിവാളിന്റെ അഭിഭാഷകന്‍ പറഞ്ഞത്. എന്നാല്‍ പേപ്പറുകള്‍ പരിശോധിക്കട്ടെയെന്നും അത് കഴിഞ്ഞ് പരിഗണിക്കാമെന്നും ജസ്റ്റിസ് മന്‍മോഹന്‍ പറഞ്ഞു.

നേരത്തെ സിബിഐ അരവിന്ദ് കെജ്രിവാളിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. മൂന്ന് ദിവസത്തെ കസ്റ്റഡി അവസാനിച്ചതോടെയാണ് സിബിഐ കോടതിയില്‍ നിന്നും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡില്‍ വാങ്ങിയിരുന്നത്. തിഹാര്‍ ജയിലിലെത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ് കോടതി നേരത്തെ കെജ്രിവാളിനെ മൂന്ന് ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടത്. സൗത്ത് ഗ്രൂപ്പ് മദ്യ നയത്തില്‍ കെജ്രിവാള്‍ ഇടപെട്ടു എന്നതിന് തെളിവ് ഉണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു.

സ്വകാര്യ വിമാനത്തില്‍ ഡല്‍ഹിയിലെത്തിയ കെജ്രിവാള്‍ സൗത്ത് ഗ്രൂപ്പുമായിചര്‍ച്ച നടത്തിയെന്നും സൗത്ത് ഗ്രൂപ്പ് ആവശ്യപ്പെട്ട രീതിയില്‍ നയമുണ്ടാക്കിയെന്നുമാണ് സിബിഐ കോടതിയെ അറിയിച്ചത്. ഈ കാര്യങ്ങള്‍ പരിശോധിക്കാന്‍ കെജ്രിവാളിനെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് സിബിഐ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്.


Similar News