ആര്യാടന്‍ മുഹമ്മദ്: കോണ്‍ഗ്രസിലെ അതികായന്‍; ലീഗിന്റെ ശക്തമായ വിമര്‍ശകന്‍
കോഴിക്കോട്: ആര്യാടന്‍ മുഹമ്മദിന്റെ വിയോഗത്തിലൂടെ കോണ്‍ഗ്രസിന് നഷ്ടമാവുന്നത് ഒരു മുതിര്‍ന്ന നേതാവിനെ മാത്രമല്ല, മലബാറിലെ കോണ്‍ഗ്രസിന്റെ കരുത്ത് കൂടിയാണ്. പതിറ്റാണ്ടുകളോളം മലബാറില്‍ കോണ്‍ഗ്രസിന്റെ അവസാന വാക്കായിരുന്നു ആര്യാടന്‍ മുഹമ്മദ്. മുന്നണിയിലെ വിഷയങ്ങളായാലും പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളായാലും ആര്യാടന്റെ മുന്നിലെത്തിയാല്‍ പരിഹാരം ഉറപ്പ്. മലപ്പുറത്ത് മുസ്‌ലിം ലീഗ് കോട്ടയില്‍ പടവെട്ടിയാണ് ആര്യാടന്‍ കോണ്‍ഗ്രസിന് ഒരു ഇടമുണ്ടാക്കിക്കൊടുത്തത്. മലപ്പുറത്തെ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ സഖ്യകക്ഷിയായിരുന്നു ലീഗ്.
സഖ്യകക്ഷിയാണെങ്കിലും മുസ്‌ലിം ലീഗിന്റെ വളര്‍ച്ച കോണ്‍ഗ്രസിന് രാഷ്ട്രീയമായ തിരിച്ചടിയായണെന്ന ബോധ്യമുണ്ടായിരുന്നു ആര്യാടന്‍ മുഹമ്മദിന്. അതുകൊണ്ടുതന്നെ എല്ലാ കാലത്തും ലീഗിന്റെ ശക്തമായ വിമര്‍ശകനായിരുന്നു അദ്ദേഹം. മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരായ സത്യഗ്രഹം മുതല്‍ പോര് തുടങ്ങുന്നു. അന്ന് മലപ്പുറത്ത് നടന്ന ജില്ലാ രൂപീകരണ വിരുദ്ധ സത്യഗ്രഹത്തിന്റെ മുന്‍നിരയില്‍ ആര്യാടനുണ്ടായിരുന്നു. മലപ്പുറം ജില്ല വന്നാല്‍ അതൊരു കുട്ടിപ്പാകിസ്താനാവുമെന്നായിരുന്നു അദ്ദേഹമടക്കം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പരസ്യ നിലപാട്.
മുഹമ്മദലി ശിഹാബ് തങ്ങള്‍ അടക്കമുള്ള സാമുദായിക നേതൃത്വത്തെ ചോദ്യം ചെയ്തും 'ദേശീയവാദി മുസ്‌ലിമാ'യി സ്വയം അഭിമാനം കൊണ്ടും വേറിട്ടുനടന്നു അദ്ദേഹം. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്, ഇ മൊയ്തു മൗലവി തുടങ്ങിയ ദേശീയ മുസ്‌ലിം കോണ്‍ഗ്രസ് ധാരയുടെ പിന്തുടര്‍ച്ചക്കാരായി സ്വയം കരുതുകയും അവകാശപ്പെടുകയും ചെയ്യുന്ന കോണ്‍ഗ്രസുകാരുടെ മുന്‍നിരയില്‍ ആര്യാടനുണ്ടായിരുന്നു. സുന്നി വിഭാഗത്തിലെ ഇ കെ വിഭാഗത്തെ കൂട്ടുപിടിച്ചും പാണക്കാട് തങ്ങന്‍മാരെ മുന്നില്‍നിര്‍ത്തിയുമുള്ള ലീഗിന്റെ രാഷ്ട്രീയ തന്ത്രങ്ങളെ നേരിടാന്‍ ആര്യാടന്‍ സ്വയം എടുത്തണിഞ്ഞ വിശേഷണമായിരുന്നു ദേശീയ മുസ്‌ലിം.
അന്തരിച്ച മുഹമ്മദലി ശിഹാബ് തങ്ങള്‍ അടക്കമുള്ള പാണക്കാട് കുടുംബത്തിന്റെ ആത്മീയനേതൃത്വത്തെ ചോദ്യംചെയ്ത് പലതവണ ആര്യാടന്‍ രംഗത്തെത്തിയിരുന്നു. ലീഗിനകത്തുനിന്നും സമുദായത്തിനകത്തുനിന്നും വലിയ തോതില്‍ പ്രതിഷേധമുയര്‍ന്നിട്ടും ആര്യാടന്‍ പിന്‍വാങ്ങിയില്ല. തന്റെ നേതാവ് സോണിയാ ഗാന്ധിയാണെന്നും ശിഹാബ് തങ്ങളല്ലെന്നും രാഷ്ട്രീയ നേതാവായ തങ്ങള്‍ വിമര്‍ശനത്തിന് അതീതനല്ലെന്നുമായിരുന്നു ഒരുതവണ ആര്യാടന്‍ ഉയര്‍ത്തിയ വാദം. അഞ്ചാം മന്ത്രി വിഷയത്തില്‍ ലീഗും ആര്യാടനും പരസ്യമായി ഏറ്റുമുട്ടി.
മറുവശത്ത് ലീഗ് വിരുദ്ധ മനോഭാവം കൊണ്ടുനടക്കുന്ന കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാരുമായി സഖ്യം ചേര്‍ന്ന് പുതിയ രാഷ്ട്രീയ നയതന്ത്രവും ആര്യാടന്‍ ആരംഭിച്ചു. മലബാറില്‍ ലീഗിനെ മാറ്റിനിര്‍ത്തി മുസ്‌ലിം ബെല്‍റ്റില്‍ സ്വാധീനമുറപ്പിക്കാനുള്ള നീക്കമായിരുന്നു അത്. പലതവണ തിരഞ്ഞെടുപ്പുകളില്‍ കാന്തപുരം വിഭാഗവും ആര്യാടനും തമ്മില്‍ ധാരണയുണ്ടായി. കാന്തപുരത്തിന്റെ സ്വപ്‌നപദ്ധതിയായ നോളജ് സിറ്റിയിലും മര്‍ക്കസിലുമടക്കം ആര്യാടന്‍ പലപ്പോഴും പ്രത്യേക ക്ഷണിതാവുമായെത്തി.
1935 മേയ് 15ന് നിലമ്പൂരിലാണ് ആര്യാടന്റെ ജനനം. നിലമ്പൂര്‍ ഗവ. മാനവേദന്‍ ഹൈസ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയത്തിലെത്തി. 1952ലാണ് കോണ്‍ഗ്രസ് അംഗമായി രാഷ്ട്രീയരംഗത്ത് സജീവമാവുന്നത്. 1959ല്‍ വണ്ടൂര്‍ ഫര്‍ക്ക കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി. 1960ല്‍ കോഴിക്കോട് ഡിസിസി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1962വണ്ടൂരില്‍നിന്ന് കെപിസിസി അംഗമായി. 1969ല്‍ മലപ്പുറം ജില്ല രൂപീകരിക്കപ്പെട്ടപ്പോള്‍ പ്രഥമ ഡിസിസി പ്രസിഡന്റായി. 1978 മുതല്‍ കെപിസിസി സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1965ല്‍ 30ാം വയസ്സിലാണ് അദ്ദേഹം ആദ്യമായി നിയമസഭയിലേക്ക് മല്‍സരിക്കുന്നത്. തോല്‍വിയായിരുന്നു ഫലം.
1967ല്‍ വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1978ല്‍ എ ഗ്രൂപ്പ് കോണ്‍ഗ്രസ് വിട്ട് ഇടത് മുന്നണിക്കൊപ്പം പോയപ്പോള്‍ എ കെ ആന്റണിക്കൊപ്പം അടിയുറച്ച് നിന്ന നേതാവായിരുന്ന ആര്യാടന്‍. 1969ല്‍ കുഞ്ഞാലി വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുകയും ജയില്‍വാസമനുഭവിക്കുകയും ചെയ്‌തെങ്കിലും പിന്നീട് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. 1977, 1980, 1987, 1991, 1996, 2001, 2006, 2011 എന്നീ വര്‍ഷങ്ങളിലാണ് നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍നിന്ന് കേരള നിയമസഭയിലെത്തിയത്. 1980- 82 കാലത്ത് ഇ കെ നായനാര്‍ മന്ത്രിസഭയില്‍ തൊഴില്‍, വനം മന്ത്രിയായി. 1982ല്‍ നിലമ്പൂരില്‍ നിന്ന് വീണ്ടും മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു.
പിന്നീട് 1987 മുതല്‍ ഒരു തിരഞ്ഞെടുപ്പിലും അദ്ദേഹം പരാജയമറിഞ്ഞിട്ടില്ല. 2011ലാണ് അദ്ദേഹം അവസാനമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്. എ കെ ആന്റണി മന്ത്രിസഭയില്‍ തൊഴില്‍, ടൂറിസം മന്ത്രിയായി. തൊഴില്‍ മന്ത്രിയായി പ്രവര്‍ത്തിക്കുമ്പോള്‍ 1980ല്‍ സംസ്ഥാനത്ത് തൊഴില്‍ രഹിത പെന്‍ഷനും കര്‍ഷക തൊഴിലാളി പെന്‍ഷനും നടപ്പാക്കിയത് ആര്യാടനായിരുന്നു. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍(2004- 06) വൈദ്യുതി മന്ത്രിയായും പ്രവര്‍ത്തിച്ചു.