ഉവൈസിയുടെ സത്യപ്രതിജ്ഞക്കിടെ ജയ് ശ്രീറാം വിളികളുമായി ബിജെപി; ജയ് ഭീമും തക്ബീറും മുഴക്കി തിരിച്ചടിച്ച് ഉവൈസി

സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചതോടെ ചടങ്ങുകള്‍ക്കായി ഉവൈസി മുന്നോട്ട് വരുന്നതിനിടെയാണ് എംപിമാര്‍ ഭാരത് മാതാ കി ജയ്, ജയ് ശ്രീറാം വിളികളുമായി ബഹളം വച്ചത്.

Update: 2019-06-18 10:29 GMT

ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (ഐഎംഐഎം) നേതാവായ അസദുദ്ദീന്‍ ഉവൈസിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ ജയ് ശ്രീറാം മുദ്രാവാക്യം വിളിയുമായി പാര്‍ലമെന്റില്‍ ബിജെപി എംപിമാര്‍. സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചതോടെ ചടങ്ങുകള്‍ക്കായി ഉവൈസി മുന്നോട്ട് വരുന്നതിനിടെയാണ് എംപിമാര്‍ ഭാരത് മാതാ കി ജയ്, ജയ് ശ്രീറാം വിളികളുമായി ബഹളം വച്ചത്.

തുടര്‍ന്ന് സത്യവാചകം ചൊല്ലിയ ഉവൈസി 'ജയ് ഭീം ജയ് മീം, തക്ബീര്‍ അല്ലാഹു അക്ബര്‍, ജയ് ഹിന്ദ്' എന്ന് മുദ്രാവാക്യം മുഴക്കിയാണ് പ്രതിജ്ഞ അവസാനിപ്പിച്ചത്. തന്നെ കാണുമ്പോള്‍ അവര്‍ ഇത്തരം കാര്യങ്ങള്‍ ഓര്‍ക്കുന്നത് നല്ലതാണ്. മുസാഫിര്‍പൂരിലെ കുട്ടികളുടെ മരണവും ഭരണഘടനയുമൊക്കെ അവര്‍ ഓര്‍ക്കുമെന്നു കരുതുന്നതായും അദ്ദേഹം പറഞ്ഞു.

17ാം ലോക്‌സഭയുടെ ആദ്യ ദിവസം കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ സത്യപ്രതിജ്ഞ ചെയ്യവേ ബിജെപി അംഗങ്ങള്‍ ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചിരുന്നു.

ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് അമരാവതിയില്‍ നിന്നുള്ള സ്വതന്ത്ര എംപി നവനീത് റാണ ഉന്നയിച്ചത്. ' ജയ് ശ്രീറാം വിളിക്കേണ്ട സ്ഥലം ഇതല്ല എന്നായിരുന്നു റാണ പറഞ്ഞത്. അതിനു ക്ഷേത്രങ്ങളുണ്ട്. എല്ലാ ദൈവങ്ങളും ഒരേപോലെയാണ്. ആരെയെങ്കിലും വേട്ടയാടാനായി ആ പേര് ഉപയോഗിക്കുന്നത് തെറ്റാണ്.' എന്നായിരുന്നു നവനീത് റാണയുടെ പ്രതികരണം.

Tags:    

Similar News