ഉത്തരാഖണ്ഡ് മുഖ്യമന്ത്രി നേപ്പാള്‍ വംശജനാണെന്ന് പറഞ്ഞ ഹിന്ദുത്വ സന്യാസിയെ ഭൂമിതട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്തു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പുഷ്‌കര്‍ സിങ് ധാമി നേപ്പാള്‍ വംശജനാണെന്ന് ആരോപിച്ച ഹിന്ദുത്വ സന്യാസിയെ ഭൂമിതട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്തു. 2024 ജൂലൈയില്‍ ഹരിയാന സ്വദേശി നല്‍കിയ പരാതിയിലാണ് ഹിന്ദുത്വ സന്യാസിയായ സ്വാമി ദിനേശാനന്ദ ഭാരതിയെ റൂര്‍ക്കി പോലിസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഭൂമി നല്‍കാമെന്ന് പറഞ്ഞ് ഒമ്പത് ലക്ഷം രൂപ തട്ടിയെന്നാണ് സന്യാസിക്കെതിരായ പരാതി. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ സ്വാമിയും സംഘവും ഭൂമി തട്ടിയെടുത്തിട്ടുണ്ടെന്നും ഇയാള്‍ക്ക് അതിനായി പ്രത്യേക സംഘമുണ്ടെന്നും പോലിസ് പറയുന്നു.
2021 ഡിസംബറില്‍ ഹരിദ്വാറില്‍ നടന്ന ധര്‍മ സന്‍സദ് പരിപാടിയില്‍ മുസ്‌ലിംകള്‍ക്കെതിരേ വര്‍ഗീയ വിഷം തുപ്പിയതിനെ തുടര്‍ന്ന് നല്‍കിയ പരാതിയില്‍ 2022 ഏപ്രിലില്‍ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഒരുമാസം കഴിഞ്ഞാണ് ജാമ്യം കിട്ടിയത്. റൂര്‍ക്കിക്ക് സമീപത്തെ തോഡ കല്യാണ്‍പൂരില്‍ ശങ്കര്‍മഠം എന്ന പേരില്‍ ആശ്രമം നടത്തുന്ന സ്വാമി ബിജെപി പരിപാടികളികളില്‍ പങ്കെടുക്കാറുണ്ട്. രണ്ടുദിവസം മുമ്പ് നടന്ന ബിജെപി പരിപാടിയിലാണ് ഇയാള്‍ മുഖ്യമന്ത്രിക്കെതിരേ ആരോപണം ഉന്നയിച്ചത്. ഇതോടെ പഴയകേസുകള്‍ പൊടിതട്ടിയെടുത്ത് അറസ്റ്റ് ചെയ്തുവെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.