ന്യൂഡല്‍ഹി: കൊവിഡ് രണ്ടാംതരംഗത്തിന്റെ വ്യാപനത്തില്‍ പകച്ചുനില്‍ക്കുന്ന രാജ്യതലസ്ഥാനത്ത് ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍ക്കും സര്‍ക്കാരിനും ആശ്വാസമായി അസിം ഹുസയ്ന്‍ എന്ന 'ഓക്‌സിജന്‍ മാന്‍'. കൊവിഡ് ചികില്‍സയില്‍ ഓക്‌സിജന്റെ ആവശ്യം ഗണ്യമായി ഉയരുകയും വെല്ലുവിളി ഉയര്‍ത്തുകയും പല സ്ഥലങ്ങളിലും ഓക്‌സിജന്‍ കുറവുണ്ടാവുകയും ചെയ്തിരുന്നു. ഇത്തരം ആശങ്കാജനകമായ സമയങ്ങളിലാണ് അസിം ഹുസയ്ന്‍ എന്ന ഡല്‍ഹി സ്വദേശിയാണ് ആവശ്യക്കാര്‍ക്ക് ഓക്‌സിജന്‍ ക്രമീകരിച്ച് സഹായിക്കുന്ന ദൗത്യം സ്വയം ഏറ്റെടുത്തത്. ഡല്‍ഹിയിലെ ദര്യഗഞ്ച് പ്രദേശത്ത് താമസിക്കുന്ന അസിം ഹുസയ്ന്‍ 'ബീ ഹ്യൂമന്‍' എന്ന തന്റെ സന്നദ്ധ സംഘടനയുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 150 ഓളം പേരാണ് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്നത്. ആളുകള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാക്കാന്‍ സഹായിക്കാനായി ഒരു 'ഫ്രീ ഓക്‌സിജന്‍ ബാങ്ക്' തന്നെ തുറന്നിട്ടുണ്ടെന്ന് സീ ന്യൂസ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു. ഇദ്ദേഹത്തിന്റെ മഹത്തായ സേവനം പരിഗണിച്ചാണ് പ്രദേശവാസികള്‍ അസിം ഹുസയ്‌നെ 'ഓക്‌സിജന്‍ മനുഷ്യനെ'ന്ന് വിളിക്കുന്നത്.
അസിമിന്റെ 'ഓക്‌സിജന്‍ ബാങ്കി'ല്‍ 40 ഓക്‌സിജന്‍ സിലിണ്ടറുകളുണ്ട്. മാര്‍ച്ചില്‍ 150 പേര്‍ ഉള്‍പ്പെടെ 2020 മാര്‍ച്ച് മുതല്‍ 550 ഓളം പേര്‍ക്ക് അദ്ദേഹം ഓക്‌സിജന്‍ സിലിണ്ടറുകള്‍ നല്‍കി. ഇവരില്‍ പലരും അവരുടെ ജീവിതത്തിന് അസിമിനോട് നന്ദി പറയുകയാണ്. വിശുദ്ധ റമദാന്‍ മാസത്തില്‍ അസിം ഹുസയ്ന്‍ നോമ്പ് അനുഷ്ഠിക്കുന്നുണ്ട്. എന്നാലും ജനങ്ങളെ സേവിക്കാനായി അദ്ദേഹം മുഴുവന്‍ സമയവും ചെലവഴിക്കുന്നുണ്ട്. ആളുകള്‍ എല്ലായ്‌പ്പോഴും സഹായത്തിനായി വിളിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഫോണ്‍ റിങ് ചെയ്തുകൊണ്ടേയിരിക്കുകയാണ്. നിര്‍ഭാഗ്യവശാല്‍, ആവശ്യക്കാര്‍ കൂടുതലും കുറഞ്ഞ ഓക്‌സിജനും ഉള്ളതിനാല്‍ എല്ലാവരെയും സഹായിക്കാനാവുന്നില്ലെന്ന് അസിം സങ്കടപ്പെടുന്നു.
ഓരോ സിലിണ്ടര്‍ അയയ്ക്കുമ്പോഴും അത് ശരിയായി ശുദ്ധീകരിച്ചതായി ഉറപ്പുവരുത്തുന്നുണ്ട്. ഓക്‌സിജന്‍ സിലിണ്ടര്‍ എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ചുള്ള ആവശ്യമായ നിര്‍ദ്ദേശങ്ങളും അദ്ദേഹം നല്‍കുന്നു.
Asim Hussain: the 'Oxygen Man' of Delhi during COVID crisis