-പിസി അബ്ദുല്ല
\കോഴിക്കോട്: ഒന്നര പതിറ്റാണ്ടായി നിയമ സഭയില്‍ കൈപ്പത്തി കാണാനില്ലാത്ത ജില്ലയാണ് കോഴിക്കോട്. ആകെയുള്ള 13 സീറ്റില്‍ ലീഗിന് രണ്ടു സീറ്റ് മാത്രം. ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് ആകാംക്ഷയോടെയാണ് രാഷ്ട്രീയ കേരളം നോക്കുന്നത്.
വടകര, കുറ്റിയാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര, തിരുവമ്പാടി, കൊടുവള്ളി, കുന്നമംഗലം, ബേപ്പൂര്‍, കോഴിക്കോട് സൗത്ത്, കോഴിക്കോട് നോര്‍ത്ത്, എലത്തൂര്‍, ബാലുശേരി എന്നിങ്ങനെ 13 മണ്ഡലങ്ങള്‍.
2016 ലെ തിരഞ്ഞെടുപ്പില്‍ ഇതില്‍ 11 മണ്ഡലങ്ങള്‍ ഇടതുപക്ഷത്തിനൊപ്പം നിന്നു. കുറ്റിയാടിയും കോഴിക്കോട് സൗത്തും യുഡിഎഫിനൊപ്പവും.
കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പിലും ജില്ലയില്‍നിന്ന് ഒരു കോണ്‍ഗ്രസ് പ്രതിനിധി പോലും നിയമസഭ കണ്ടിട്ടില്ല. കുറ്റിയാടിയില്‍ മുസ്‌ലിം ലീഗിന്റെ പാറക്കല്‍ അബ്ദുല്ലയും കോഴിക്കോട് സൗത്തില്‍ എംകെ മുനീറുമാണ് ജനപ്രതിനിധികള്‍. 2011 ലെ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 10 സീറ്റായിരുന്നു ഇടതുപക്ഷത്തിന് ഉണ്ടായിരുന്നത്. യുഡിഎഫിന് മൂന്നും. 2016 ല്‍ ഒരു സീറ്റുകൂടി അധികം നേടി ഇടതുപക്ഷം കരുത്തു കാട്ടി.
ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള വടകരയില്‍ ജനതാദള്‍ എസ്സിന്റെ സി കെ നാണുവാണ് എംഎല്‍എ. നാദാപുരത്ത് ഇ കെ വിജയന്‍, കൊയിലാണ്ടി: കെ ദാസന്‍, തിരുവമ്പാടി: ജോര്‍ജ് എം തോമസ്, ബേപ്പൂര്‍: വികെസി മമ്മദ് കോയ, കോഴിക്കോട് നോര്‍ത്ത്: എ. പ്രദീപ് കുമാര്‍, ബാലുശേരി: പുരുഷന്‍ കടലുണ്ടി എന്നിവരാണ് സിപിഎം എംഎല്‍എമാര്‍.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോടിന്റെ മനസ്സ് കഴിഞ്ഞ മൂന്നു വട്ടവും യുഡിഎഫിനൊപ്പം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എ പ്രദീപ് കുമാര്‍ എംഎല്‍എയെ എല്‍ഡിഎഫ് രംഗത്തിറക്കിയെങ്കിലും കോഴിക്കോട്ടുകാര്‍ എം.കെ. രാഘവനെത്തന്നെയാണ് തിരഞ്ഞെടുത്തത്. എ. പ്രദീപ്കുമാര്‍ പ്രതിനിധീകരിക്കുന്ന കോഴിക്കോട് നോര്‍ത്ത് ഉള്‍പ്പെടെ 7 നിയമസഭാ മണ്ഡലങ്ങളിലും ലീഡ് നേടിയാണ് രാഘവന്‍ ജയിച്ചത്.
കണ്ണൂര്‍ ജില്ലയിലെ തലശേരി, കൂത്തുപറമ്പ് നിയമസഭാ മണ്ഡലങ്ങളും കോഴിക്കോട്ടെ വടകര, കുറ്റിയാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര എന്നീ നിയമസഭാ മണ്ഡലങ്ങളും ചേരുന്നതാണ് വടകര പാര്‍ലമെന്റ് മണ്ഡലം. കഴിഞ്ഞ മൂന്നു തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും വടകരക്കാര്‍ യുഡിഎഫിനൊപ്പമായിരുന്നു. 2004 ല്‍ പി. സതീദേവിയാണ് അവസാനമായി ഇവിടെനിന്നു ജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി.
ഇക്കഴിഞ്ഞ തദ്ദേശപോരാട്ടത്തിലും കോഴിക്കോട് ജില്ല ഇടതു ആഭിമുഖ്യം പ്രകടിപ്പിച്ചേന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ വോട്ടു കണക്ക് അനുസരിച്ച് കോഴിക്കോട് ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളില്‍ 10 എണ്ണവും എല്‍ഡിഎഫിനൊപ്പമാണ്.മൂന്നെണ്ണം യുഡിഎഫിനും. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്ക്ക് കാര്യമായ മുന്നേറ്റം എവിടെയും കാഴ്ചവയ്ക്കാന്‍ സാധിച്ചില്ല.
തദ്ദേശ തിരഞ്ഞെടുപ്പില്‍
5246 വോട്ടിന്റെ ഭൂരിപക്ഷവുമായി തിരുവമ്പാടിയും 7931 വോട്ടിന്റെ ഭൂരിപക്ഷവുമായി കൊടുവള്ളിയും 2074 വോട്ടിന്റെ ഭൂരിപക്ഷവുമായി വടകരയുമാണ് യുഡിഎഫിനൊപ്പവുമാണ്. തദ്ദേശതിരഞ്ഞെടുപ്പു ഫലത്തിന്റെ അടിസ്ഥാനത്തില്‍ എല്‍ഡിഎഫ് നേട്ടമുണ്ടാക്കിയ മണ്ഡലങ്ങള്‍ ഇവയാണ്: നാദാപുരം (1487 ഭൂരിപക്ഷം), കുറ്റിയാടി (2437), ബാലുശേരി (3801), പേരാമ്പ്ര (10072), കൊയിലാണ്ടി (3071), എലത്തൂര്‍ (10666), കോഴിക്കോട് നോര്‍ത്ത് (13361), കോഴിക്കോട് സൗത്ത് (9370), കുന്നമംഗലം (5107), ബേപ്പൂര്‍ (15087).
കണക്കുകള്‍ ഇങ്ങനെയാണെങ്കിലും നിലവിലെ മണ്ഡലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ യുഡിഎഫിന്റെ കൈവശമുണ്ടായിരുന്ന കോഴിക്കോട് സൗത്തും കുറ്റിയാടിയും എല്‍ഡിഎഫിലേക്ക് മാറി. എല്‍ഡിഎഫ് വിജയിച്ചിരുന്ന വടകര, കൊടുവള്ളി, തിരുവമ്പാടി സീറ്റുകള്‍ യുഡിഎഫിലേക്ക് ചായുകയും ചെയ്യുന്നതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കാട്ടിത്തരുന്നത്.
പ്രാദേശിക വിഷയങ്ങള്‍ ചര്‍ച്ചയാകുന്ന തിരഞ്ഞെടുപ്പാണ് നടന്നതെന്നു പറയുമ്പോഴും അഞ്ചു മണ്ഡലങ്ങള്‍ അവരുടെ മനസ്സ് ഉറപ്പിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്നതാണ് ഒടുവില്‍ വന്ന തിരഞ്ഞെടുപ്പ് ഫലം. അതിനാല്‍ മുന്നണികള്‍ക്കു കൃത്യമായി സംഘടനാ പ്രവര്‍ത്തനം നടത്താനും വോട്ട് അവരുടെ പെട്ടിയില്‍ വീഴ്ത്താനും കഴിഞ്ഞാല്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ കാണാമെന്നാണ് വിലയിരുത്തല്‍.
കുറ്റിയാടി മണ്ഡലം മാണി കോണ്‍ഗ്രസിന് നല്‍കിയത് ജില്ലയില്‍ സിപിഎമ്മില്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിട്ടുള്ളത്. കുറ്റിയാടിയിലെ പ്രതിഷേധം അഞ്ച് സമീപ മണ്ഡലങ്ങളെയും ബാധിക്കാനിടയുണ്ടെന്നാണ് സൂചനകള്‍. അതോടൊപ്പം നിലവിലുള്ള രണ്ടു സീറ്റുകള്‍ ലീഗ് തിരിച്ചു നില നിര്‍ത്തുകയും കുന്ദമംഗലം, കൊടുവള്ളി, തിരുവമ്പാടി തിരിച്ചു പിടിക്കുകയും ചെയ്താല്‍ കോഴിക്കോടിന്റെ ഗതിയാകെ മാറും.
വടകരയില്‍ ആര്‍എംപിഐയുടെ സാന്നിധ്യം യുഡിഎഫ് അനുകൂല ഘടകമായി കാണുന്നു.ആര്‍ എംപി സെക്രട്ടറി എന്‍ വേണു യുഡിഎഫ് പിന്തുണയോടെ ഇവിടെനിന്നു മല്‍സരിക്കുമെന്നാണ് സൂചന. കെകെ രമയെ രംഗത്തിറക്കാനും നീക്കമുണ്ട്.