അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന്; രാവിലെ എട്ട് മുതല്‍ വോട്ടെണ്ണല്‍ തുടങ്ങും

Update: 2022-03-10 01:29 GMT

ലഖ്‌നോ: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന്. രാവിലെ 8 മണി മുതല്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങും. ഉത്തര്‍പ്രദേശില്‍ ബിജെപി ഭരണം നിലനിര്‍ത്തുമെന്നും പഞ്ചാബില്‍ എഎപി ചരിത്ര വിജയം കുറിക്കുമെന്നുമാണ് എക്‌സിറ്റ് പോള്‍ സര്‍വേ ഫലങ്ങള്‍ പറയുന്നത്. ഉത്തരാഖണ്ഡിലും ഗോവയിലും തൂക്ക് മന്ത്രിസഭ വരുമെന്നാണ് പ്രവചനം. അതേസമയം, മണിപ്പൂരില്‍ ബിജെപിക്ക് ഭരണ തുടര്‍ച്ചയുണ്ടാകുമെന്നാണ് സര്‍വേകള്‍ പ്രവചിച്ചത്.

എക്സ്റ്റിറ്റ് പോളുകളുടെ ബലത്തില്‍ വമ്പന്‍ വിജയം സ്വപ്നം കാണുന്ന കൂട്ടത്തിലാണ് ബിജെപിയും എസ്പിയും എഎപിയും. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അനൂകൂലമായതിന്റെ ആത്മവിശ്വാസം ബിജെപിക്കുണ്ട്.

പഞ്ചാബ് നേടാനാകുമെന്ന പ്രവചനങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍ നീക്കങ്ങളെ കുറിച്ച് കൂടിയാലോചനകള്‍ ആം ആദ്മി പാര്‍ട്ടിയും തുടങ്ങി. എന്നാല്‍ സര്‍വേ ഫലങ്ങള്‍ക്ക് അപ്പുറമുള്ള സാധ്യതകളാണ് കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലേക്കും പ്രത്യേക സംഘത്തെ കോണ്‍ഗ്രസ് അയച്ചിട്ടുണ്ട്. തൂക്കു നിയമസഭ വന്നാല്‍ ഇത് അനൂകൂലമാക്കാനാണ് സംഘം എത്തുന്നത്. യുപി, മണിപ്പൂര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളും ബിജെപി തുടങ്ങിയിട്ടുണ്ട്. ഗോവയില്‍ കോണ്‍ഗ്രസിന്റെ പ്രത്യേക നിരീക്ഷകന്റെ ചുമതല ഡി കെ ശിവകുമാറിനാണ്. ഗോവയില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പൂര്‍ണ ചുമതല ഡി കെ ശിവകുമാറിനാണ് ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്നത്.

ഇതിനിടെ ഗോവയില്‍ മുഴുവന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെയും റിസോര്‍ട്ടിലേക്ക് മാറ്റിയിട്ടുണ്ട്. 38 സ്ഥാനാര്‍ഥികളും റിസോര്‍ട്ടില്‍ ഉണ്ട്. ഡി കെ ശിവകുമാറിനൊപ്പം കര്‍ണാടകയില്‍ നിന്നുള്ള ആറ് നേതാക്കള്‍ കൂടി ഗോവയിലെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കുന്നത് വരെ ഡി കെ ശിവകുമാറും സംഘവും ഗോവയില്‍ തുടരുമെന്ന് കോണ്‍ഗ്രസ് ക്യാമ്പ് വ്യക്തമാക്കി.ഗോവയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഡി കെ ശിവകുമാര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ

ഹിന്ദി ഹൃദയഭൂമിയായ ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് തുടര്‍ഭരണം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. മണിപ്പൂരിലും ഉത്തരാഖണ്ഡിലും ബിജെപിക്ക് വിജയം പ്രവചിക്കുന്ന സര്‍വേകള്‍ ഗോവയില്‍ തൂക്കുസഭയാകുമെന്നും പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി മുന്നേറുമെന്നും പ്രവചിക്കുന്നു. യുപി തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പും കഴിഞ്ഞതോടെയാണ് വിവിധ ദേശീയ മാധ്യമങ്ങളും ഏജന്‍സികളും തങ്ങളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വിട്ടത്.

Tags:    

Similar News