ഹിമാചലില്‍ തോല്‍വി സമ്മതിച്ച് ബിജെപി; മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ രാജി പ്രഖ്യാപിച്ചു
ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിച്ച് ബിജെപി. അല്‍പസമയത്തിനകം ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറുമെന്ന് മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ അറിയിച്ചു. ആകെയുള്ള 68 സീറ്റില്‍ 39 സീറ്റുകളും നേടി കോണ്‍ഗ്രസ് ജയമുറപ്പിച്ചതിന് പിന്നാലെയാണ് താക്കൂര്‍ രാജി പ്രഖ്യാപിച്ചത്. ജനവിധി മാനിക്കുന്നുവെന്ന് പറഞ്ഞ ജയറാം താക്കൂര്‍, ബിജെപിയുടെ പരാജയം സമ്മതിച്ചു. 26 സീറ്റില്‍ ബിജെപിയും നാല് സീറ്റില്‍ സ്വതന്ത്രരും വിജയിച്ചു. എക്‌സിറ്റ് പോളുകള്‍ ശരിവയ്ക്കുന്ന ഫലസൂചനകളാണ് വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറുകളില്‍ ഹിമാചലില്‍ കണ്ടത്. ബിജെപിയും കോണ്‍ഗ്രസും മാറി മാറി ലീഡ് പിടിക്കുന്നത് തുടര്‍ന്നു.
നാല് സീറ്റുകളില്‍ സ്വതന്ത്രര്‍ മുന്നിലെത്തിയ ഘട്ടത്തില്‍ ഇവരെ ഒപ്പം നിര്‍ത്തി ഭരണം പിടിക്കാന്‍ ബിജെപി കരുക്കള്‍ നീക്കിയിരുന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് തിരഞ്ഞെടുപ്പില്‍ ലീഡ് ചെയ്യുന്ന സ്വതന്ത്ര സ്ഥാനാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തി. ബിജെപി, കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ടുപിടിക്കുന്നതിനുള്ള സാധ്യത മുന്നില്‍കണ്ട് പാര്‍ട്ടി മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്.
ഹിമാചലില്‍ കോണ്‍ഗ്രസിന്റെ ഭാവി പരിപാടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഉടന്‍ യോഗം ചേരുമെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. സര്‍ക്കാര്‍ രൂപീകരണത്തില്‍ സ്വതന്ത്രര്‍ നിര്‍ണായക പങ്ക് വഹിച്ചേക്കും. കോണ്‍ഗ്രസ് നേതാക്കളായ ഭൂപീന്ദര്‍ ബാഗേല്‍, ഭൂപീന്ദര്‍ ഹൂഡ, രാജീവ് ശുക്ല എന്നിവരാണ് ഹിമാചലില്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. ആദ്യ ഫലപ്രഖ്യാപനത്തില്‍ മാണ്ഡിയിലെ സെറാജ് മണ്ഡലത്തില്‍ നിന്ന് മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ 37,007 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
താക്കൂര്‍ 33,256 വോട്ടുകള്‍ (76.97%) നേടിയപ്പോള്‍ അദ്ദേഹത്തിന്റെ എതിരാളിയായ കോണ്‍ഗ്രസിന്റെ ചേത് റാം 8,956 വോട്ടുകള്‍ (20.73%) നേടി. സുന്ദര്‍നഗറില്‍ ബിജെപിയുടെ രാകേഷ് കുമാര്‍ 8,125 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിന്റെ സോഹന്‍ ലാലിനെ പരാജയപ്പെടുത്തി. ഷിംല ജില്ലയിലെ എട്ട് മണ്ഡലങ്ങളില്‍ അഞ്ചിലും കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ പിന്തുണയും പഴയ പെന്‍ഷന്‍ പദ്ധതി പുനസ്ഥാപിക്കുമെന്ന പാര്‍ട്ടിയുടെ വാഗ്ദാനം കോണ്‍ഗ്രസിന് തുണയായി.