നിയമസഭാ തിരഞ്ഞെടുപ്പ്: ജനകീയ ബദലിനെ പിന്തുണയ്ക്കുക-പോപുലര്‍ ഫ്രണ്ട്

Update: 2021-04-05 05:31 GMT
കോഴിക്കോട്: ഏപ്രില്‍ ആറിന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹിന്ദുത്വ ഫാഷിസത്തിനെതിരേ ഉയര്‍ന്നുവന്നിട്ടുള്ള ജനകീയ ബദല്‍ രാഷ്ട്രീയത്തെ പിന്തുണയ്ക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം അഭ്യര്‍ഥിച്ചു. സംസ്ഥാനത്തെ രാഷ്ട്രീയാന്തരീക്ഷം മുമ്പെങ്ങുമില്ലാത്ത വിധം വളരെ അപകടകരമായ സൂചനകളാണ് നല്‍കുന്നത്. വികസനവും ജനക്ഷേമവും ചര്‍ച്ചയ്ക്കു വിധേയമാക്കുന്നതിന് പകരം കടുത്ത വര്‍ഗീയതയാണ് പാര്‍ട്ടികള്‍ പ്രചരണായുധമാക്കുന്നത്. വിവിധ സാമുദായിക വിഭാഗങ്ങള്‍ക്കിടയില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിച്ച് വോട്ട് നേടാനുള്ള ഹീനമായ ശ്രമമാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും നമ്മുടെ നാട് പരസ്പര ഐക്യത്തില്‍ നിലനില്‍ക്കേണ്ടതാണെന്ന ഒരാലോചനയും രാഷ്ട്രീയ പാര്‍ട്ടികളുടെ അജണ്ടയില്‍ ഇല്ലെന്നാണ് ഈ ധ്രുവീകരണ രാഷ്ട്രീയത്തില്‍ നിന്നു മനസ്സിലാവുന്നത്.

    രാജ്യം തന്നെ അപകടത്തിലാക്കിയ വര്‍ഗീയ ഫാഷിസ്റ്റുകളും രാഷ്ട്രീയ മേല്‍ക്കോയ്മ നേടാനുള്ള ശ്രമത്തിലാണ്. യുഡിഎഫും എല്‍ഡിഎഫും ആര്‍എസ്എസുമായി രഹസ്യബന്ധമുണ്ടാക്കിയത് മുമ്പെങ്ങുമില്ലാത്ത വിധം മറനീക്കി പുറത്തുവന്നിരിക്കുന്നു. ഇതോടെ ബിജെപിക്ക് ബദലാണ് തങ്ങളെന്ന ഇരു മുന്നണികളുടെയും കപടതയാണ് വെളിവായത്. ഈ സാഹചര്യത്തിലാണ് ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന വര്‍ഗീയ ഫാഷിസത്തിനും മുന്നണികള്‍ തുടരുന്ന ധ്രുവീകരണ രാഷ്ട്രീയത്തിനും എതിരേ ശരിയായ ബദല്‍ രാഷ്ട്രീയം ഉയര്‍ന്നുവരേണ്ടതിന്റെ പ്രസക്തി വര്‍ധിക്കുന്നത്. ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ധ്രുവീകരണ രാഷ്ട്രീയത്തിനെതിരേ ജനകീയ ബദല്‍ ഉയര്‍ത്തുന്ന എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്ന 42 മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലും എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുചെയ്യാന്‍ പോപുലര്‍ ഫ്രണ്ട് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

    ബിജെപി ജയസാധ്യതയുള്ളതും കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ രണ്ടാം സ്ഥാനത്ത് വന്നതുമായ മണ്ഡലങ്ങളില്‍ മറ്റൊന്നും പരിഗണിക്കാതെ വിജയസാധ്യത ഏറ്റവും കൂടുതലുള്ള സ്ഥാനാര്‍ഥികള്‍ക്കും പിന്തുണ നല്‍കേണ്ടതുണ്ട്. ബിജെപിയുടെ രാഷ്ട്രീയാധികാരം ഈ നാടിനെ തന്നെ നശിപ്പിക്കുന്ന കാഴ്ചയാണ് ദേശീയതലത്തില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. അത് സംസ്ഥാനത്തും ആവര്‍ത്തിച്ചു കൂടാ. ബദല്‍ രാഷ്ട്രീയത്തിന്റെ പ്രതിനിധികള്‍ ഇല്ലാത്ത മണ്ഡലങ്ങളില്‍ ഔചിത്യപൂര്‍ണമായ നിലപാട് സ്വീകരിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങളല്ല സംസ്ഥാന സര്‍ക്കാരിനെ തിരഞ്ഞെടുക്കുന്നതിലെ സ്വാധീന ഘടകമാവേണ്ടത്. രാജ്യം അനുഭവിക്കുന്ന പ്രതിസന്ധികളോട് പാര്‍ട്ടികളും സ്ഥാനാര്‍ഥികളും സ്വീകരിക്കുന്ന നിലപാടുകള്‍ കൂടി പരിഗണിച്ചായിരിക്കണം സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടത് എന്നും പോപുലര്‍ ഫ്രണ്ട് അഭ്യര്‍ഥിച്ചു.

    യോഗത്തില്‍ പ്രസിഡന്റ് സിപി മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍, വൈസ് പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ്, സെക്രട്ടറിമാരായ എസ് നിസാര്‍, പിപി റഫീഖ്, സിഎ റഊഫ്, ഖജാഞ്ചി കെഎച്ച് നാസര്‍ സംസാരിച്ചു.

Assembly elections: Support the popular alternative - Popular Front

Tags:    

Similar News