നിയമസഭ ആക്രമണക്കേസ് 26ലേക്ക് മാറ്റി;കുറ്റപത്രം നിഷേധിച്ച് പ്രതികള്‍

2015 മാര്‍ച്ച് 13നാണ് നിയമസഭയില്‍ ഇടതുപക്ഷ എംഎല്‍എമാരുടെ പ്രതിഷേധം ആക്രമത്തില്‍ കലാശിച്ചത്.രണ്ട് ലക്ഷത്തി പതിനാലായിരം രൂപയുടെ നാശനഷ്ടം നിയമസഭയ്ക്കുണ്ടാക്കി എന്നാണ് പോലിസ് കേസ്

Update: 2022-09-14 06:53 GMT
തിരുവനന്തപുരം: നിയമസഭ ആക്രമണക്കേസ് പരിഗണിക്കുന്നത് ഈ മാസം 26ലേക്ക് മാറ്റി. കേസില്‍ തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹാജരായ പ്രതികള്‍ക്ക് കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു.എന്നാല്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ കുറ്റം നിഷേധിക്കുകയായിരുന്നു.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആര്‍ രേഖയാണ് കേസ് പരിഗണിച്ചത്. കേസ് റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഹരജിയും പ്രതികളുടെ വിടുതല്‍ ഹരജിയും മേല്‍ക്കോടതികള്‍ തള്ളിയതോടെയാണ് വിചാരണ നടപടികള്‍ ആരംഭിച്ചത്.

മന്ത്രി വി ശിവന്‍കുട്ടിയെ കൂടാതെ കെ ടി ജലീല്‍, സി കെ സദാശിവന്‍, കെ കുഞ്ഞഹമ്മദ്, കെ അജിത്ത് എന്നിവരാണ് കോടതിയില്‍ എത്തിയത്.ഇപി ജയരാജന്‍ അസുഖം കാരണം ഹാജരാകാനാകില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഇ പി ജയരാജന്‍ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

2015 മാര്‍ച്ച് 13നാണ് നിയമസഭയില്‍ ഇടതുപക്ഷ എംഎല്‍എമാരുടെ പ്രതിഷേധം ആക്രമത്തില്‍ കലാശിച്ചത്. അന്നത്തെ ധനകാര്യ മന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാനായിരുന്നു പ്രതിഷേധം.രണ്ട് ലക്ഷത്തി പതിനാലായിരം രൂപയുടെ നാശനഷ്ടം നിയമസഭയ്ക്കുണ്ടാക്കി എന്നാണ് പോലിസ് കേസ്.അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന പൊതുമുതല്‍ നശിപ്പിക്കല്‍, അതിക്രമിച്ച് കയറല്‍, നാശനഷ്ടങ്ങള്‍ വരുത്തല്‍ എന്നീ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

 


Tags:    

Similar News