സ്വര്‍ണം കുഴിച്ചെടുക്കുന്നതിനിടെ ഖനി തകര്‍ന്ന് 22 തൊഴിലാളികള്‍ മരിച്ചു

കോംഗോയുടെ സാമൂഹ്യകാര്യമന്ത്രി സ്റ്റീവ് എംബികൈ ആണ് മരണസംഖ്യ സ്ഥിരീകരിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങളുടെ സംസ്‌കാരത്തിനുള്ള ചെലവും പരിക്കേറ്റവരുടെ ചികില്‍സാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

Update: 2019-10-03 15:31 GMT

കാംപീന്‍: കോംഗോയിലെ കാംപീന്‍ നഗരത്തിനടുത്ത് അനധികൃതമായി പ്രവര്‍ത്തിച്ച സ്വര്‍ണഖനി തകര്‍ന്ന് 22 തൊഴിലാളികള്‍ മരിച്ചു. ബുധനാഴ്ചയാണ് ഖനി അപകടമുണ്ടായത്. 14 പേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെയാണ് ശേഷിച്ച എട്ടുപേര്‍ മരിക്കുന്നത്. ഇവരില്‍ ഒരാള്‍ വ്യാഴാഴ്ചയാണ് മരിച്ചത്. കോംഗോയുടെ സാമൂഹ്യകാര്യമന്ത്രി സ്റ്റീവ് എംബികൈ ആണ് മരണസംഖ്യ സ്ഥിരീകരിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങളുടെ സംസ്‌കാരത്തിനുള്ള ചെലവും പരിക്കേറ്റവരുടെ ചികില്‍സാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

മതിയായ സുരക്ഷാ മുന്‍കരുതലുകളില്ലാതെയാണ് തൊഴിലാളികള്‍ ജോലിചെയ്തിരുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. കോംഗോയില്‍ ഇത്തരത്തിലുള്ള ഖനി അപകടങ്ങള്‍ നിരവധിയാണുണ്ടാവുന്നത്. ജൂണില്‍ കോംഗോയുടെ തെക്കുകിഴക്കന്‍ പ്രവിശ്യയില്‍ കോള്‍വെസിയിലെ ഗ്ലെന്‍കോറിന്റെ ഉടമസ്ഥതയിലുള്ള ചെമ്പുഖനി തകര്‍ന്ന് 36 തൊഴിലാളികള്‍ മരിച്ചിരുന്നു. 2,000 ഓളം തൊഴിലാളികളാണ് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഇത്തരം ഖനികളില്‍ ജോലിചെയ്യുന്നത്. 

Tags:    

Similar News