മിസോറാം പാറഖനി അപകടം: രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; മരണസംഖ്യ 10 ആയി
ഐസ്വാള്‍: മിസോറാമിലെ നാതിയാല്‍ ജില്ലയില്‍ പാറഖനി ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മരണസംഖ്യ പത്തായി ഉയര്‍ന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന രണ്ടുപേരുടെ മൃതദേഹം ബുധനാഴ്ച രാവിലെയാണ് കണ്ടെത്തിയത്. മരണപ്പെട്ടവരില്‍ അഞ്ച് പേര്‍ പശ്ചിമ ബംഗാളില്‍ നിന്നും ജാര്‍ഖണ്ഡ്, അയല്‍സംസ്ഥാനമായ അസം എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ടുപേര്‍ വീതവും മിസോറാമിലെ ലുങ്‌ലെയ് ജില്ലയില്‍ നിന്നുള്ള ഒരാളും ഉള്‍പ്പെടുന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.
നവംബര്‍ 14ന് ഉച്ചകഴിഞ്ഞ് 2.40 ഓടെയായിരുന്നു അപകടം. നാതിയാല്‍ ജില്ലയിലെ ഹൈവേ നിര്‍മാണത്തിനായി എബിസിഐ കമ്പനി ഖനനം നടത്തുന്ന മേഖലയിലെ 5000 ചതുരശ്ര മീറ്റര്‍ പ്രദേശത്ത് തിങ്കളാഴ്ച രാത്രിയാണ് മണ്ണിടിച്ചിലുണ്ടായത്. ഖനിയിലുണ്ടായിരുന്ന 13 തൊഴിലാളികളില്‍ 12 പേര്‍ അപകടത്തില്‍പ്പെട്ടിരുന്നു. ഇതില്‍ എട്ട് പേരുടെ മൃതദേഹം ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു. ദുരന്തനിവാരണ സേനയ്‌ക്കൊപ്പം ബിഎസ്എഫ്, ആസാം റൈഫിള്‍സ് സേനാംഗങ്ങളും പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇനി രണ്ടുപേരെക്കൂടി കണ്ടെത്താനുണ്ട്. ഇവര്‍ രണ്ടുപേരും മിസോറാം, അസം സ്വദേശികളാണ്.
കാണാതായ എല്ലാവരെയും കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു തൊഴിലാളിക്ക് മാത്രമാണ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞതെന്ന് ഹ്നാഹ്തിയാല്‍ പോലിസ് സൂപ്രണ്ട് (എസ്പി) വിനീത് കുമാര്‍ പറഞ്ഞു. തൊഴിലാളികള്‍ വളരെ ആഴത്തില്‍ കുഴിച്ചതാണ് ക്വാറിയുടെ തകര്‍ച്ചയ്ക്ക് ഇടയാക്കിയതെന്ന് ദൃക്‌സാക്ഷികള്‍ അവകാശപ്പെട്ടു. അഞ്ച് മണ്ണ് എക്‌സ്‌കവേറ്ററുകള്‍, ഒരു സ്‌റ്റോണ്‍ ക്രഷര്‍, ഒരു ഡ്രില്ലിങ് മെഷീന്‍ എന്നിവ പൂര്‍ണമായും മണ്ണിനടിയിലായി. തൊഴിലാളികള്‍ക്ക് ജോലി നല്‍കിയിരുന്ന നിര്‍മാണ കമ്പനിയായ എബിസിഐ ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് പാറ ക്വാറി.