ലിബിയന്‍ തീരത്ത് ആഫ്രിക്കന്‍ അഭയാര്‍ഥി ബോട്ട് മുങ്ങി 57 മരണം
പടിഞ്ഞാറന്‍ തീരദേശ നഗരമായ ഖുംസില്‍ ഞായറാഴ്ചയാണ് അപകടമുണ്ടായത്. ആകെ 75 പേരാണ് ബോട്ടിലുണ്ടായിരുന്നത്.
ട്രിപ്പോളി: ലിബിയന്‍ തീരത്ത് അഭയാര്‍ത്ഥികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങി 57 പേര്‍ മരിച്ചതായി റിപോര്‍ട്ട്. പടിഞ്ഞാറന്‍ തീരദേശ നഗരമായ ഖുംസില്‍ ഞായറാഴ്ചയാണ് അപകടമുണ്ടായത്. ആകെ 75 പേരാണ് ബോട്ടിലുണ്ടായിരുന്നത്.
യുഎന്‍ അഭയാര്‍ഥി ഉദ്യോഗസ്ഥരാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. മരിച്ചവരില്‍ 20 സ്ത്രീകളും രണ്ട് കുട്ടികളുമുള്‍പ്പെടുന്നു. ബോട്ടില്‍ നിന്നും 18 പേരെ രക്ഷിച്ച് കരക്കെത്തിച്ചതായും യുഎന്‍ അധികൃതര്‍ പറഞ്ഞു. നൈജീരിയ, ഘാന, ഗാംബിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു ബോട്ടിലുണ്ടായിരുന്നത്.
എന്‍ജിന്‍ തകരാറിനെത്തുടര്‍ന്ന് ബോട്ട് കടലില്‍ നില്‍ക്കുകയും മോശം കാലാവസ്ഥയെത്തുടര്‍ന്ന് ബോട്ട് മുങ്ങുകയുമായിരുന്നു. ലിബിയന്‍ കോസ്റ്റ് ഗാര്‍ഡും മത്സ്യത്തൊഴിലാളികളുമാണ് ഇവരെ രക്ഷപ്പെടുത്തിയത്. മെഡിറ്ററേനിയന്‍ കടലിലും ലിബിയന്‍ തീരത്തും അഭയാര്‍ത്ഥി ബോട്ടുകള്‍ അപകടത്തില്‍പെട്ട് മുങ്ങുന്നത് നിത്യസംഭവമാണ്. യൂറോപ്യന്‍ രാഷ്ട്രങ്ങലിലേക്ക് പലായനം ചെയ്യുന്നവരാണ് മിക്ക അഭയാര്‍ത്ഥികളും.