യുഎസിലെ മൂന്നു മസാജ് പാര്‍ലറുകളില്‍ വെടിവെപ്പ്; നാല് ഏഷ്യന്‍ വനിതകള്‍ ഉള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെട്ടു

റോബര്‍ട്ട് ആരോണ്‍ ലോങ് എന്നയാളെ വുഡ്‌സ്‌റ്റോക്കില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

Update: 2021-03-17 13:52 GMT

വാഷിങ്ടണ്‍: യുഎസ് സംസ്ഥാനമായ ജോര്‍ജിയയില്‍ മൂന്നു വ്യത്യസ്ഥ മസാജ് സെന്ററുകളിലുണ്ടായ വെടിവയ്പില്‍ ആറു ഏഷ്യന്‍ വനിതകള്‍ ഉള്‍പ്പെടെ എട്ടു പേര്‍ കൊല്ലപ്പെട്ടു.വെടിവെപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ആയുധധാരിയായ 21കാരനെ പ്രദേശത്ത് നിന്ന് അറസ്റ്റ് ചെയ്തതായി തെക്ക് പടിഞ്ഞാറന്‍ ജോര്‍ജിയന്‍ പോലിസ് പറഞ്ഞു.

ഇന്നലെ വൈകീട്ട് ജോര്‍ജിയയുടെ തലസ്ഥാനമായ അറ്റ്‌ലാന്റയിലെ മസാജ് പാര്‍ലറുകളിലാണ് വെടിവെപ്പ് നടന്നത്. കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റിരിക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മരിച്ചവര്‍ ഏത് രാജ്യത്ത് നിന്നുള്ളവരാണെന്നും പുറത്ത് വിട്ടിട്ടില്ല. കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് പ്രഥമിക വിവരം.

അറ്റ്‌ലാന്റ നഗരത്തിന് 50 കിലോമീറ്റര്‍ വടക്കുള്ള ഗ്രാമീണമേഖലയായ അക്വര്‍ത് പ്രദേശത്തെ യങ്‌സ് ഏഷ്യന്‍ മസാജ് പാര്‍ലറിലുണ്ടായ ആക്രമണത്തില്‍ ചുരുങ്ങിയത് നാലു പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ രണ്ടു പേര്‍ ഏഷ്യന്‍ വംശജരും ഒരാള്‍ വെള്ളക്കാരിയും മറ്റൊരാള്‍ വെള്ളക്കാരനുമാണ്. ഒരു സ്പാനിഷ് വംശജന് പരിക്കേറ്റു.

വടക്കുകിഴക്കന്‍ അറ്റ്‌ലാന്റയിലെ ഗോള്‍ഡ് മസാജ് പാര്‍ലര്‍, അരോമ തെറാപ്പി മസാജ് പാര്‍ലര്‍ എന്നിവിടങ്ങളിലും നാല് സ്ത്രീകളെ മരിച്ച നിലയില്‍ കണ്ടെത്തിയതായി അറ്റ്‌ലാന്റ പോലിസ് വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഏഷ്യന്‍ അമേരിക്കന്‍ വംശജര്‍ക്കെതിരേയുള്ള ആസൂത്രിത അക്രമമാണ് നടന്നതെന്ന് കരുതുന്നു. ട്രംപ് ഭരണകൂടത്തിന്റെ അവസാന കാലത്ത് ആഫ്രിക്കന്‍ അമേരിക്കന്‍ വംശജര്‍ക്ക് നേരെയും ഏഷ്യന്‍ വംശജര്‍ക്ക് നേരെയും അക്രമങ്ങള്‍ പതിവായിരുന്നു.

സംഭവത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അറ്റ്‌ലാന്റയില്‍ നിന്ന് 240 കിലോമീറ്റര്‍ തെക്കുള്ള ക്രിസ്പ് കൌണ്ടിയില്‍ നിന്ന് സംഭവവുമായി ബന്ധമുള്ള ഒരാളെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് അറിയിച്ചു.

റോബര്‍ട്ട് ആരോണ്‍ ലോങ് എന്നയാളെ വുഡ്‌സ്‌റ്റോക്കില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ അക്വര്‍ത്തില്‍ വെടിവെപ്പ് നടന്ന സ്ഥലത്തെ സിസിടിവി ക്യാമറയില്‍, സംഭവത്തിന് തൊട്ട് മുമ്പ് ഇയാളുടെ ചിത്രങ്ങള്‍ പതിഞ്ഞിരുന്നതായി പോലിസ് പറഞ്ഞു. അറ്റ്‌ലാന്റാ വെടിവെപ്പിലും ഇയാള്‍ക്ക് പങ്കുണ്ടാകാമെന്ന് ക്യാപ്റ്റന്‍ ജയ് ബക്കര്‍ പറഞ്ഞതായി എക്‌ണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഫെബ്രുവരി 21 ന് യുഎസിലെ ന്യൂ ഓര്‍ലാന്‍സിന് സമീപത്തെ ആയുധ വില്‍പ്പനശാലയിലുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അന്ന് ജഫേര്‍സണ്‍ ആയുധവില്‍പ്പനശാലയിലാണ് അന്ന് വെടിവെപ്പുണ്ടായത്.

Tags:    

Similar News