കറുത്ത വര്‍ഗക്കാരന്റെ കൊല: പ്രതിഷേധക്കാര്‍ സിഎന്‍എന്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആക്രമിച്ചു
സിഎന്‍എന്‍ ഓഫിസിനു മുന്നില്‍ നിര്‍ത്തിയിട്ട അറ്റ്‌ലാന്റ പോലിസിന്റെ വാഹനങ്ങളും തകര്‍ത്തിട്ടുണ്ട്
വാഷിങ്ടണ്‍: അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ പോലിസ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം അടങ്ങുന്നില്ല. വര്‍ണവ്യത്യാസമില്ലാതെ തെരുവിലിറങ്ങിയ ആള്‍ക്കൂട്ടം അറ്റ്‌ലാന്റയിലെ സിഎന്‍എന്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആക്രമിച്ചു. ഓഫിസിന്റെ ജനലുകളും ചില്ലുകളും തകര്‍ക്കുകയും ലോഗോ നശിപ്പിക്കുകയും ചെയ്തതായി സിഎന്‍എന്‍ അധികൃതര്‍ വ്യക്തമാക്കി. കൊലപാതകത്തിനെതിരേ ശക്തമായി പ്രതിഷേധം നടന്നുകൊണ്ടിരിക്കുന്ന നഗരങ്ങളില്‍ ഒന്നാണ് അമേരിക്കയിലെ അറ്റ്‌ലാന്റ.
വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. പ്രതിഷേധക്കാരെ തടയാന്‍ പോലിസെത്തിയതോടെ സിഎന്‍എന്‍ ഓഫിസിന്റെ മുന്‍വശത്തേക്ക് നീങ്ങുകയും കെട്ടിടത്തിന്റെ മുന്‍ഭാഗത്തും അകത്തും കേടുപാടുകള്‍ വരുത്തുകയുമായിരുന്നു. മാധ്യമങ്ങള്‍ക്കെതിരേ രൂക്ഷമായാണ് പ്രതിഷേധക്കാര്‍ പ്രതികരിച്ചത്. സിഎന്‍എന്‍ ഓഫിസിനു മുന്നില്‍ നിര്‍ത്തിയിട്ട അറ്റ്‌ലാന്റ പോലിസിന്റെ വാഹനങ്ങളും തകര്‍ത്തിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ മിനിയാപൊളിസില്‍ തല്‍സമയ റിപ്പോര്‍ട്ട് നല്‍കുന്നതിനിടെ സിഎന്‍എന്‍ സംഘത്തെ കസ്റ്റഡിയിലെടുക്കുകയും ഒരു മണിക്കൂറിന് ശേഷം മാധ്യമപ്രവര്‍ത്തകരെ വിട്ടയക്കുകയും ചെയ്തിരുന്നു. മെയ് 25 ന് മിനിയാപൊളിസിലാണ് ജോര്‍ജ്ജ് ഫ്‌ളോയിഡ് കൊല്ലപ്പെട്ടത്.