ദുബയ്: പ്രവാസി വ്യപാരപ്രമുഖനും ചലച്ചിത്ര നിര്‍മാതാവുമായ മലയാളികളുടെ പ്രിയപ്പെട്ട അറ്റ്‌ലസ് രാമചന്ദ്രന്‍ (80) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദുബയ് ആസ്റ്റര്‍ മന്‍ഖൂള്‍ ഹോസ്പിറ്റലില്‍ ഞായറാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നത്.
ഭാര്യ ഇന്ദിരാ രാമചന്ദ്രനും മകള്‍ ഡോ.മഞ്ജു രാമചന്ദ്രനും ഒപ്പമുണ്ടായിരുന്നു. ഏറെനാളായി വാര്‍ധക്യസഹജമായ അസുഖങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. എങ്കിലും പുതിയ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ആഗസ്തില്‍ ബര്‍ ദുബയിലെ വസതിയില്‍ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്നാണ് 80ാം പിറന്നാള്‍ ആഘോഷിച്ചത്. 1942 ജൂലായ് 31ന് തൃശ്ശൂരിലായിരുന്നു എം എം രാമചന്ദ്രനെന്ന അറ്റ്‌ലസ് രാമചന്ദ്രന്റെ ജനനം.