കണ്ണൂരില്‍ രണ്ടിടത്ത് കോണ്‍ഗ്രസ് ഓഫിസുകള്‍ക്കു നേരെ ആക്രമണം

കടമ്പൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനു നേരെ ആര്‍എസ്എസ് ആക്രമണം

Update: 2020-08-31 15:10 GMT
കടമ്പൂരില്‍ ആര്‍എസ്എസ് ആക്രമത്തില്‍ പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശ്രീജിത്തിനെ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി സന്ദര്‍ശിക്കുന്നു

കണ്ണൂര്‍: ജില്ലയില്‍ രണ്ടിടത്ത് കോണ്‍ഗ്രസ് ഓഫിസുകള്‍ക്കു നേരെ ആക്രമണം. തലശ്ശേരിക്കു സമീപം തിരുവങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസിനു നേരെ വൈകിട്ട് ആറോടെയാണ് ആക്രമണമുണ്ടായത്. പ്രകടനമായെത്തിയ സിപിഎം പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പൂട്ട് തകര്‍ത്ത് അകത്തുകയറിയ അക്രമികള്‍ ഓഫിസിലെ ഫാനുകളും ലൈറ്റുകളും അടിച്ചുതകര്‍ത്തു. അകത്ത് സൂക്ഷിച്ചിരുന്ന പെയിന്റുകളും നശിപ്പിച്ചതായും ടൈല്‍സുകള്‍ മോഷണം പോയതായും നേതാക്കള്‍ ആരോപിച്ചു. സംഘം സമീപത്തെ ആയുര്‍വേദ മെഡിക്കല്‍ ഗോഡൗണിന്റെ വാതിലും ജനല്‍ ചില്ലുകളും തകര്‍ത്തതായും പരാതിയുണ്ട്. പട്ടാനൂര്‍ കൊളപ്പയില്‍ കോണ്‍ഗ്രസ് ഓഫിസിനു നേരെയും ആക്രമണമുണ്ടായി. സിപിഎം പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്നും ഓഫിസിനു മുന്നിലുള്ള കൊടിമരം നശിപ്പിച്ചെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

    അതിനിടെ, കടമ്പൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശ്രീജിത്തിനെയാണ് ആക്രമിച്ചത്. തലയ്ക്ക് പരിക്കേറ്റ ശ്രീജിത്തിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകരായ അഖില്‍, നിഖില്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണമെന്നു കോണ്‍ഗ്രസ് ആരോപിച്ചു. അക്രമസംഭവങ്ങളില്‍ കെ സുധാകരന്‍ എംപി, ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി എന്നിവര്‍ പ്രതിഷേധിച്ചു.

Attack on Congress offices in Kannur



Tags:    

Similar News