മധു വധക്കേസില്‍ കൂറുമാറി; ഒരു സാക്ഷിയെ കൂടി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

മധുവിനെ ആക്രമിക്കുന്നത് കണ്ടിട്ടില്ലെന്നായിരുന്നു റസാഖ് കോടതിയില്‍ നല്‍കിയ മൊഴി. കഴിഞ്ഞ ദിവസം കൂറൂമാറിയ 12ാം സാക്ഷി അനില്‍കുമാറിനേയും വനം വകുപ്പ് പിരിച്ചുവിട്ടിരുന്നു.

Update: 2022-07-22 09:32 GMT

പാലക്കാട്: അട്ടപ്പാടി മധുവധക്കേസില്‍ കൂറുമാറിയ വനം വകുപ്പിലെ ഒരു വാച്ചറെ കൂടി പിരിച്ചുവിട്ടു. മണ്ണാര്‍ക്കാട് പട്ടികജാതി, പട്ടികവര്‍ഗ കോടതിയിലെ വിചാരണയ്ക്കിടെ കൂറുമാറിയ പതിനാറാം സാക്ഷി അബ്ദുൽ റസാഖിനെയാണ് പിരിച്ചുവിട്ടത്. ചെമ്മണ്ണൂര്‍ ഫോറസ്റ്റ് സ്‌റ്റേഷനിലെ താല്‍ക്കാലിക വാച്ചറായിരുന്നു അബ്ദുള്‍ റസാഖ്. ജില്ലാ പോലിസ് മേധാവിയുടെ റിപോര്‍ട്ട് പരിഗണിച്ചാണ് മണ്ണാര്‍ക്കാട് ഡിഎഫ്ഒയുടെ നടപടി.

മധുവിനെ ആക്രമിക്കുന്നത് കണ്ടിട്ടില്ലെന്നായിരുന്നു റസാഖ് കോടതിയില്‍ നല്‍കിയ മൊഴി. കഴിഞ്ഞ ദിവസം കൂറൂമാറിയ 12ാം സാക്ഷി അനില്‍കുമാറിനേയും വനം വകുപ്പ് പിരിച്ചുവിട്ടിരുന്നു. മധുവിനെ കാട്ടില്‍ നിന്നു പിടിച്ചുകൊണ്ടുവരുന്നതും മര്‍ദ്ദിക്കുന്നതും കണ്ടുവെന്നു മജിസ്‌ട്രേട്ടിനു 164ാം വകുപ്പ് അനുസരിച്ച് മൊഴി നല്‍കിയ ആളാണ് അനില്‍കുമാര്‍. എന്നാല്‍, സംഭവം നടന്ന ദിവസവും മാസവും ഓര്‍മയില്ലെന്നും മധുവിനെ അറിയില്ലെന്നും കേട്ടിട്ടുണ്ടെന്നുമാണ് തിങ്കളാഴ്ച വിചാരണയ്ക്കിടെ അനില്‍കുമാര്‍ കോടതിയില്‍ പറഞ്ഞത്

നേരത്തെ പത്തുമുതല്‍ 15 വരെയുള്ള സാക്ഷികള്‍ കൂറുമാറിയിരുന്നു. കേസില്‍ ഇതോടെ കൂറുമാറിയവരുടെ എണ്ണം ആറായി. സാക്ഷികളെ പ്രതിഭാഗം സ്വാധീനിക്കുന്നതായി ആരോപിച്ച് മധുവിന്റെ കുടുംബം രം​ഗത്തുവന്നിരുന്നു. 2018 ഫെബ്രുവരി 22നാണ് ആള്‍ക്കൂട്ടം മധുവിനെ തല്ലിക്കൊന്നത്. ജൂണ്‍ എട്ടിന് കേസില്‍ വിചാരണ തുടങ്ങി. പിന്നാലെ രണ്ട് പ്രധാന സാക്ഷികള്‍ കൂറുമാറി. പ്രോസിക്യൂഷന്റെ വീഴ്ചയാണ് കൂറുമാറ്റത്തിന് പിന്നിലെന്ന് മധുവിന്റെ കുടുംബം ആരോപിച്ചിരുന്നു. 

Similar News