മാവോവാദികളെന്ന് ആരോപിച്ച് അട്ടപ്പാടിയില്‍ വെടിവച്ചുകൊന്ന മൂന്നു പേരുടെ ഇന്‍ക്വസ്റ്റ് ഇന്ന്
അട്ടപ്പാടി മേലെ മഞ്ചികണ്ടി ഉള്‍വനത്തിലുണ്ടായ വെടിവെപ്പില്‍ ഒരു വനിത ഉള്‍പ്പെടെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. കര്‍ണാകട സ്വദേശി സുരേഷ്. തമിഴ്‌നാട് സ്വദേശികളായ രമ, കാര്‍ത്തിക് എന്നിവരാണ് കൊല്ലപ്പെട്ടത്.
പാലക്കാട്: മാവോവാദികളെന്ന് ആരോപിച്ച് അട്ടപ്പാടിയില്‍ തണ്ടര്‍ബോള്‍ട്ട് സംഘം വെടിവച്ചുകൊന്ന മൂന്നു പേരുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ ഇന്നു രാവിലെ ഒന്‍പത് മണിയോടെ നടക്കും.അട്ടപ്പാടി മേലെ മഞ്ചികണ്ടി ഉള്‍വനത്തിലുണ്ടായ വെടിവെപ്പില്‍ ഒരു വനിത ഉള്‍പ്പെടെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്.
കര്‍ണാകട സ്വദേശി സുരേഷ്. തമിഴ്‌നാട് സ്വദേശികളായ രമ, കാര്‍ത്തിക് എന്നിവരാണ് കൊല്ലപ്പെട്ടത്. മണിവാസകം എന്നയാള്‍ക്കും വെടിയേറ്റതായാണ് വിവരം. ഇവര്‍ക്കായി ഉള്‍ക്കാട്ടില്‍ തെരച്ചില്‍ തുടരുന്നുണ്ട്. പട്രോളിങിനിറങ്ങിയ നിലമ്പൂരില്‍ നിന്നുള്ള തണ്ടര്‍ ബോള്‍ട്ട് സംഘത്തിന് നേരെ മാവോവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നും തിരിച്ചടിയില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടെന്നുമാണ് ഔദ്യോഗിക ഭാഷ്യം.
തണ്ടര്‍ബോള്‍ട്ട് അസി. കമാന്റന്റ് സോളമന്റെ നേതൃത്വത്തിലുള്ള സംഘമാണ് വെടിവച്ചത്. സ്ഥലത്തുനിന്നും തോക്കുകള്‍ ലഭിച്ചതായും തണ്ടര്‍ബോള്‍ട്ട് അറിയിച്ചു. പാലക്കാട് എസ്പി ടി വിക്രം, ആന്റി മാവോവാദി സ്‌ക്വാഡ് കമാന്റന്റ് ചൈത്ര തേരേസ ജോണ്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പോലിസുകാര്‍ക്ക് പരിക്കുപറ്റിയതായി വിവരമില്ല.
അതേസമയം, വെടിവെപ്പിനെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദവും മുറുകി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പാലക്കാട് എംപി വി കെ ശ്രീകണ്ഠന്‍ ആരോപിച്ചു. ഏറ്റുമുട്ടലാണോ വെടിവെയ്പാണോ എന്ന് വ്യക്തമായി അറിയില്ലെന്നായിരുന്നു സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദന്റെ പ്രതികരണം. വെടിവയ്പിനെതിരേ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയും മുന്നോട്ട് വന്നിട്ടുണ്ട്.