പോലിസിനു മുന്നില്‍വച്ച് ഭാര്യയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം; യുവാവിനെതിരേ കേസ്
കുമ്പള കൊട്ടേരിയില്‍ വാടക വീട്ടില്‍ താമസിക്കുന്ന റുക്സാനയുടെ പരാതിയില്‍ ഭര്‍ത്താവ് അഭിലാഷിന് (ഹബീബ്) എതിരേയാണ് വധശ്രമത്തിന് കേസെടുത്തത്.
കാസര്‍കോട്: പോലിസിന്റെ കണ് മുന്നില്‍ വച്ച് ഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെതിരേ കേസെടുത്തു. കുമ്പള കൊട്ടേരിയില്‍ വാടക വീട്ടില്‍ താമസിക്കുന്ന റുക്സാനയുടെ പരാതിയില്‍ ഭര്‍ത്താവ് അഭിലാഷിന് (ഹബീബ്) എതിരേയാണ് വധശ്രമത്തിന് കേസെടുത്തത്. ഭര്‍ത്താവിനെതിരെയുള്ള റുക്സാനയുടെ പരാതി അന്വേഷിക്കാന്‍ എത്തിയ പോലിസിനു മുന്നില്‍ വച്ചായിരുന്നു കൊലപാതക ശ്രമം. പോലിസിന്റെ സമയോചിത ഇടപെടലിനെതുടര്‍ന്ന് യുവതി തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.
ഇന്നലെ പുലര്‍ച്ചെയോടെയായിരുന്നു സംഭവം. അമ്മയ്ക്ക് അസുഖമായതിനാലാണ് കഴിഞ്ഞ ദിവസം റുക്സാന മൊഗ്രാല്‍ പൂത്തൂരിലെ സ്വന്തം വീട്ടിലെത്തിയത്. ഇന്നലെ പുലര്‍ച്ചെ ഇവിടെ എത്തിയ ഭര്‍ത്താവ് ഹബീബ് ദേഹോപദ്രവം ഏല്പിക്കാന് തുടങ്ങി. മര്‍ദനം സഹിക്കാനാവാതെ റുക്സാന പോലിസിനെ വിവരം അറിയിക്കുകയും തുടര്‍ന്ന് പരാതി അന്വേഷിക്കാന്‍ പോലിസ് വീട്ടിലെത്തി.
യുവതിയെ വീട്ടില്‍ നിര്‍ത്തിയാല്‍ ഹബീബ് ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നു മനസ്സിലാക്കിയ പോലിസ് റുക്സാനയെ സ്റ്റേഷനിലെത്തിക്കാന്‍ ജീപ്പിലേക്കു കൂട്ടിക്കൊണ്ടു പോകുന്നതിനിടെ മതിലിനരികില്‍ പതുങ്ങി നിന്ന ഹബീബ് കൈവശം കരുതിയിരുന്ന പെട്രോള്‍ യുവതിയുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു. ഈ സമയത്ത് പോലിസ് സമയോചിതമായി ഇടപെട്ട് ഹബീബിനെ തള്ളി മാറ്റിയതിനാല്‍ ഇയാള്‍ക്ക് തീ കൊളുത്താന്‍ സാധിച്ചില്ല. സംഭവത്തില്‍ പോലിസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.