അതുല്‍ സുഭാഷിന്റെ ആത്മഹത്യ: ഭാര്യയും കുടുംബവും ഒളിവില്‍ (വീഡിയോ)

ആക്‌സെന്‍ച്വര്‍ എന്ന കമ്പനിയിലെ ജീവനക്കാരിയായ നികിതയെ ജോലിയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.

Update: 2024-12-13 01:49 GMT

ബംഗളൂരു: ഭാര്യയും കുടുംബവും പീഡിപ്പിച്ചതിനെ തുടര്‍ന്ന് അതുല്‍ സുഭാഷ് എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉത്തര്‍പ്രദേശ് പോലിസിന്റെ സഹായം തേടി കര്‍ണാടക പോലിസ്. യുവാവിന്റെ ഭാര്യയായ നികിത സിംഗാനിയ, മാതാവ് നിഷ, സഹോദരന്‍ അനുരാഗ്, അമ്മാവന്‍ സുഷില്‍ എന്നിവരെ പിടികൂടാനാണ് സഹായം തേടിയിരിക്കുന്നത്.

അതുലിനെതിരേ കുടുംബകോടതിയില്‍ നല്‍കിയ കള്ളക്കേസ് പിന്‍വലിക്കണമെങ്കില്‍ മൂന്നു കോടി രൂപ നല്‍കണമെന്ന് ഭാര്യയും കുടുംബവും ആവശ്യപ്പെട്ടിരുന്നതായി പോലിസ് കണ്ടെത്തിയിരുന്നു. മകനെ കാണണമെങ്കില്‍ 30 ലക്ഷം രൂപയും ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് ഈ നാലുപേര്‍ക്കെതിരേയും പോലിസ് കേസെടുത്തത്.


മരിച്ച അതുലും കുടുംബവും

ഇവരെ അറസ്റ്റ് ചെയ്യാനായി മറാത്തഹള്ളി പോലിസ് ഉത്തര്‍പ്രദേശിലേക്ക് പോയിട്ടുണ്ട്. പക്ഷെ, ജോന്‍പൂരിലെ വീട് പൂട്ടികിടക്കുകയാണ്. പാതിരാത്രി നിഷയും അനുരാഗും ബൈക്കില്‍ കയറി രക്ഷപ്പെടുന്നതിന്റെ ദൃശ്യം പുറത്തുവന്നു. ആക്‌സെന്‍ച്വര്‍ എന്ന കമ്പനിയിലെ ജീവനക്കാരിയായ നികിതയെ ജോലിയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.

ഭാര്യയ്ക്കും ബന്ധുക്കള്‍ക്കുമെതിരെ 24 പേജുള്ള ആത്മഹത്യാക്കുറിപ്പെഴുതി വെച്ചാണ് തിങ്കളാഴ്ച്ച അതുല്‍ സുഭാഷ് ജീവനൊടുക്കിയത്. ആത്മഹത്യയ്ക്ക് മുമ്പായി 'നീതി കിട്ടണം' എന്നെഴുതിയ പ്ലക്കാര്‍ഡ് അതുല്‍ വീടിന് മുന്നില്‍ സ്ഥാപിച്ചു. ഈ വാക്കുകളോടെയാണ് അതുലിന്റെ ആത്മഹത്യാ കുറിപ്പ് തുടങ്ങുന്നതും.

ഭാര്യയ്ക്കും കുടുംബാംഗങ്ങള്‍ക്കും ഉത്തര്‍പ്രദേശിലെ ജോന്‍പൂരിലെ ജഡ്ജി റിത കൗശിക്കിനും എതിരേ ഗുരുതര ആരോപണങ്ങളാണ് അതുല്‍ വീഡിയോയില്‍ ഉന്നയിച്ചിരിക്കുന്നത്. രാഷ്ട്രപതിയെ അഭിസംബോധന ചെയ്തു കൊണ്ട് ഒരു കത്തും മുറിയില്‍ നിന്ന് കണ്ടെത്തി. തന്നെ ഉപദ്രവിച്ചവര്‍ നിയമത്തിനു മുന്നില്‍ ശിക്ഷിക്കപ്പെടുന്നതുവരെ ചിതാഭസ്മം സംസ്‌കരിക്കരുതെന്നും അതുല്‍ പറഞ്ഞിട്ടുണ്ട്.



ജഡ്ജി റിത കൗശിക്‌

അത് സംഭവിച്ചില്ലെങ്കില്‍ തന്റെ ആത്മാവിന് വേണ്ടി ചിതാഭസ്മം കോടതിക്ക് പുറത്തുള്ള ഓടയില്‍ തള്ളണമെന്നും ഈ രാജ്യത്തെ നീതിയുടെ വില മനസ്സിലാക്കിക്കാനാണിതെന്നും യുവാവ് പറഞ്ഞു. കള്ളക്കേസുകള്‍ കാരണം പുരുഷന്‍മാര്‍ മരിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ റിത കൗശിക്ക് പരിഹസിച്ചെന്നും കത്തില്‍ അതുല്‍ ചൂണ്ടിക്കാട്ടി. അതുലിന് നീതി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. സ്ത്രീകള്‍ പുരുഷന്‍മാര്‍ക്കെതിരേ നടത്തുന്ന പീഡനങ്ങള്‍ക്കെതിരായ മെന്‍ടൂ പ്രസ്ഥാനം ഇതോടെ ശക്തിപ്പെട്ടിരിക്കുകയാണെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

Similar News