അഫ്ഗാനില്‍ ആസ്‌ത്രേലിയന്‍ സൈന്യം നിരപരാധികളെ കൂട്ടക്കൊല നടത്തിയതായി റിപോര്‍ട്ട്

നീണ്ടകാത്തിരിപ്പിന് ശേഷം ആസ്‌ത്രേലിയന്‍ ഡിഫന്‍സ് ഫോഴ്‌സ് പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.

Update: 2020-11-19 09:41 GMT

സിഡ്‌നി: അഫ്ഗാന്‍ അധിനിവേശത്തിനിടെ തങ്ങളുടെ സൈന്യം നിരായുധരായ 39 സിവിലിയന്മാരെയും തടവുകാരെയും നിയമവിരുദ്ധമായി കൊലപ്പെടുത്തിയെന്നതിന് വിശ്വസനീയമായ തെളിവുകള്‍ ലഭിച്ചെന്ന് യുദ്ധകുറ്റ പ്രോസിക്യൂട്ടറെ ഉദ്ധരിച്ച് ഉന്നത ആസ്‌ത്രേലിയന്‍ ജനറല്‍ പറഞ്ഞു.

നീണ്ടകാത്തിരിപ്പിന് ശേഷം ആസ്‌ത്രേലിയന്‍ ഡിഫന്‍സ് ഫോഴ്‌സ് പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. നിലവില്‍ സൈന്യത്തില്‍ ഉള്ളതും വിരമിച്ചവരുമായ പത്തൊന്‍പത് സേനാംഗങ്ങള്‍ കൃഷിക്കാരും സാധാരണക്കാരും തടവുകാരും അടക്കമുള്ള 39 പേരെ കൊലചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

2009നും 2013നും ഇടയിലാണ് സൈന്യം നിഷ്ഠൂരമായ ഈ അരുംകൊലകള്‍ നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.സേനാംഗങ്ങളുടെ പോരാട്ട സംസ്‌കാരം പഠിക്കാനായി നടത്തിയ അന്വേഷണത്തിലാണ് ഈ നടക്കുന്ന വിവരങ്ങളുള്ളതെന്ന് എഡിഎഫ് റിപ്പോര്‍ട്ട് വിശദമാക്കുന്നു.

മേജര്‍ ജെനറല്‍ ജസ്റ്റിസ് പോള്‍ ബ്രെറെടന്റെ നേതൃത്വത്തില്‍ 400ല്‍ അധികം ദൃക്‌സാക്ഷികളുമായി കൂടിക്കാഴ്ച നടത്തിയാണ് എഡിഎഫിന്റെ കണ്ടെത്തല്‍. ഇതിനുള്ള തെളിവുകളും അന്വേഷണത്തില്‍ കണ്ടെത്തി. 'ബ്ലഡിംഗ് എന്ന പരിശീലന മുറയില്‍ തടവുകാരെ വെടിവച്ച് കൊന്ന് പരിശീലനം നേടാന്‍ ജൂനിയര്‍ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം ലഭിച്ചിരുന്നു. ഈ മൃതദേഹങ്ങള്‍ക്ക് പരിസരത്ത് തോക്കുകള്‍ അടക്കമുള്ള ആയുധങ്ങള്‍ വച്ച് കൊലപാതകം ന്യായീകരിച്ചിരുന്നു. യുദ്ധത്തിലെ കൊലപാതകങ്ങള്‍ ക്രൂരമായിരുന്നു'വെന്നും അന്വേഷണത്തില്‍ വ്യക്തമായതായി ഓസ്‌ട്രേലിയ വിശദമാക്കുന്നു.

നീതി ഉറപ്പാക്കുമെന്ന് ആസ്‌ത്രേലിയ ഉറപ്പുനല്‍കിയതായി അഫ്ഗാന്‍ അധികൃതര്‍ അറിയിച്ചു.ആരോപണ വിധേയരായ സൈനികര്‍ക്കെതരി പൊലീസ് അന്വേഷണമുണ്ടാകുമെന്നാണ് ആസ്‌ത്രേലിയ വിശദമാക്കുന്നത്.

23 സംഭവങ്ങള്‍ക്ക് നേരിട്ടോ അല്ലാതെയോ പ്രത്യേക സേനാംഗങ്ങള്‍ ഭാഗമായി. ഈ സംഭവങ്ങളെല്ലാം യുദ്ധം നടക്കുന്ന കാലത്താണ് നടന്നത്. അബദ്ധത്തിലോ തെറ്റിധാരണയുടെ പുറത്തോ അല്ല ഈ കൊലപാതകങ്ങള്‍ നടന്നതെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു. സൈനികര്‍ നിരവധി തവണ നിയമ കയ്യിലെടുത്തതായി കണ്ടെത്തിയെന്ന് എഡിഎഫ് തലവന്‍ ആംഗസ് ക്യാപ്‌ബെല്‍ പറഞ്ഞതായാണ് ബിബിസി റിപ്പോര്‍ട്ട്. അഫ്ഗാന്‍ യുദ്ധസമയത്തെ യുദ്ധകുറ്റങ്ങളെക്കുറിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ഈ വര്‍ഷം അന്വേഷണം ആരംഭിച്ചിരുന്നു. അമേരിക്കയും സമാന ആരോപണങ്ങളില്‍ പ്രതിസ്ഥാനത്താണ്.

Tags:    

Similar News