ഇന്ത്യയില്‍നിന്നുള്ള യാത്ര വിലക്കി ആസ്‌ത്രേലിയ; നിയമലംഘകര്‍ക്ക് അഞ്ചു വര്‍ഷം തടവും കനത്ത പിഴയും
ആദ്യമായാണ് സ്വന്തം രാജ്യത്തേക്ക് പൗരന്‍മാര്‍ തിരികെ വരുന്നത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്ന രീതിയിലുള്ള താത്ക്കാലിക തീരുമാനം ആസ്‌ത്രേലിയ കൈക്കൊള്ളുന്നത്.
സിഡ്‌നി: ഇന്ത്യയിലെ കൊവിഡ് അതി തീവ്രവ്യാപനപശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്ന് മടങ്ങുന്ന സ്വന്തം പൗരന്‍മാര്‍ക്ക് താല്‍ക്കാലിക വിലക്കുമായി ആസ്‌ത്രേലിയ. നിയമ ലംഘകര്‍ക്ക് അഞ്ചു വര്‍ഷം തടവും കനത്ത പിഴയും ഈടാക്കുമെന്ന് ആസ്‌ത്രേലിയന്‍ ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
ആദ്യമായാണ് സ്വന്തം രാജ്യത്തേക്ക് പൗരന്‍മാര്‍ തിരികെ വരുന്നത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്ന രീതിയിലുള്ള താത്ക്കാലിക തീരുമാനം ആസ്‌ത്രേലിയ കൈക്കൊള്ളുന്നത്.
വിലക്ക് തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. മെയ്് മുതല്‍ 14 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ തങ്ങിയ ആര്‍ക്കും രാജ്യത്തേക്ക് പ്രവേശനമുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ഈ ആഴ്ച ആദ്യം ഇന്ത്യയില്‍ നിന്നുള്ള എല്ലാ വിമാനങ്ങള്‍ക്കും ആസ്‌ത്രേലിയ വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പലരും മറ്റ് രാജ്യങ്ങള്‍ വഴി ആസ്‌ത്രേലിയയില്‍ എത്തിച്ചേരുന്നുണ്ട്. ഇത് തടയാന്‍ വേണ്ടിയാണ് പുതിയ നടപടി. 51,000 ഡോളര്‍ വരെയാണ് പിഴ ചുമത്തുക. ക്വാറന്റൈനില്‍ കഴിയാതെ മറ്റു രാജ്യങ്ങള്‍ വഴി ആസ്‌ത്രേലിയയിലേക്ക് പ്രവേശിക്കുന്നവര്‍ക്കാണ് വിലക്ക് ബാധിക്കുക. ഇന്ത്യയില്‍ കൊവിഡ് വ്യാപനം വര്‍ധിച്ചതും മരണങ്ങളുമാണ് ഇത്തരമൊരു നടപടിക്ക് കാരണമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. മെയ് 15 വരെയാണ് നിലവിലെ വിലക്ക്. 15ന് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പുനപ്പരിശോധിക്കും.