പ്രിന്‍സിപ്പലിനെതിരേ 'ആസാദി' മുദ്രാവാക്യം; വിദ്യാര്‍ഥികള്‍ക്കെതിരേ രാജ്യദ്രോഹ കുറ്റം ചുമത്തി യുപി പോലിസ്
തങ്ങള്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചിട്ടില്ലെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം . പ്രതിഷേധം സംഘടിപ്പിച്ചത് പ്രിന്‍സിപ്പലിനെതിരേയാണെന്നും പ്രിന്‍സിപ്പല്‍ക്കെതിരേയാണ് മുദ്രാവാക്യം വിളിച്ചതെന്നും അവര്‍ പറഞ്ഞു.
ന്യൂഡല്‍ഹി: പ്രിന്‍സിപ്പലിനെതിരേ 'ആസാദി' മുദ്രാവാക്യം വിളിച്ച വിദ്യാര്‍ഥികള്‍ക്കെതിരേ രാജ്യദ്രോഹ കുറ്റം ചുമത്തി യുപി പോലിസ്. അയോധ്യയിലെ കെ എസ് സാകേത് ഗവ. ഡിഗ്രി കോളജ് പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയിലാണ് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ ആറ് പേര്‍ക്കെതിരേ പോലിസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തത്. ആറ് പേര്‍ക്കെതിരേ ഐപിസി 124 എ(രാജ്യദ്രോഹം), 147(കലാപം), 506 (ഭീഷണി) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കോളജില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ ഡിസംബര്‍ 18നാണ് ആറ് പേര്‍ക്കെതിരേ രാജ്യദ്രോഹ കുറ്റം ചുമത്തിയത്.
കോളജ് രാമജന്മഭൂമിയുടെ സമീപമാണ് സ്ഥിതിചെയ്യുന്നതെന്നും ഇവിടെ ദേശവിരുദ്ധ മുദ്രാവാക്യങ്ങളും അത്തരം പ്രവര്‍ത്തനങ്ങളും അനുവദിക്കാനാവില്ലെന്നും കോളജ് പ്രിന്‍സിപ്പല്‍ എന്‍ ഡി പാണ്ഡെ പറഞ്ഞു. ഡിസംബര്‍ 16നാണ് കോളജില്‍ പ്രിന്‍സിപ്പല്‍ക്കെതിരേ പ്രതിഷേധം നടന്നത്. ജവഹര്‍ലാല്‍ നെഹ്‌റു കോളജില്‍(ജെഎന്‍യു) ഉയര്‍ന്നത് പോലെയുള്ള മുദ്രാവാക്യങ്ങള്‍ അയോധ്യയില്‍ അനുവദിക്കാനാവില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
അതേസമയം, തങ്ങള്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചിട്ടില്ലെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം . പ്രതിഷേധം സംഘടിപ്പിച്ചത് പ്രിന്‍സിപ്പലിനെതിരേയാണെന്നും പ്രിന്‍സിപ്പല്‍ക്കെതിരേയാണ് മുദ്രാവാക്യം വിളിച്ചതെന്നും അവര്‍ പറഞ്ഞു.
കേസില്‍ അന്വേഷണം ആരംഭിച്ചതായി അയോധ്യ പോലിസ് ഇന്‍സ്‌പെക്ടര്‍ അശുതോശ് മിശ്ര പറഞ്ഞു. അന്വേഷണം പൂര്‍ത്തിയാകാതെ കൂടുതലൊന്നും പറയാനാവില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഇതില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ വിദ്യാര്‍ഥികള്‍ക്കെതിരേ നടപടിയെടുക്കുമെന്നും പോലിസ് വ്യക്തമാക്കി.
ഡിസംബര്‍ ഏഴ് മുതല്‍ കോളജില്‍ ക്ലാസുകളും പ്രവേശന നടപടികളും ആരംഭിച്ചു. ഇതിനിടേയാണ് കോളജില്‍ യൂനിയന്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമരം നടത്തിയത്. പ്രിന്‍സിപ്പലിനും കോളജ് അധികൃതര്‍ക്കും എതിരേയായിരുന്നു സമരം. വിദ്യാര്‍ഥികള്‍ ദേശ വിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ കള്ളക്കേസ് നല്‍കിയതാണെന്നും വിദ്യാര്‍ഥി പ്രതിനിധികള്‍ പറഞ്ഞു.