തൃശൂര്‍: തീരദേശത്തിന് ആശ്വാസവും വിസ്മയവുമാകാന്‍ അഴീക്കോട് മുനമ്പം പാലം. തീരദേശ നിവാസികളുടെ ചിരകാല സ്വപ്നമായ പാലം എറണാകുളം, തൃശൂര്‍ ജില്ലകളെ തമ്മില്‍ ബന്ധിപ്പിച്ച് പുഴയ്ക്ക് കുറുകെയാണ് ഉയരുക. പാലത്തിന് വലിയ യാനങ്ങള്‍ക്ക് കടന്നുപോകാവുന്ന വിധത്തില്‍ നടുഭാഗം ഉയര്‍ത്തിയാണ് പണിയുക. ഇരുവശങ്ങളിലും നടപ്പാതകള്‍, സൈക്കിള്‍ ട്രാക്ക്, ഷോള്‍ഡര്‍ സിസ്റ്റം, പാര്‍ക്കിംഗ് സംവിധാനം എന്നിങ്ങനെ തീരദേശത്തിന്റെ ടൂറിസം സാധ്യതകള്‍ കൂടി മുന്നില്‍ കണ്ടാണ് പാലം യാഥാര്‍ത്ഥ്യമാകുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 14ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പാലം സന്ദര്‍ശിച്ചിരുന്നു.
തൃശൂര്‍ ജില്ലയിലെ കയ്പമംഗലം നിയോജക മണ്ഡലത്തിലെ അഴീക്കോടിനെയും എറണാകുളം ജില്ലയിലെ വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ
മുനമ്പത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് അഴീക്കോട് മുനമ്പം പാലം. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ അഴീക്കോട് നിന്ന് കേരളത്തിന്റെ വടക്കന്‍ മേഖലകളിലേക്ക് ഏറ്റവും എളുപ്പത്തില്‍ എത്തിച്ചേരാനും തെക്കന്‍ ജില്ലകളില്‍നിന്ന് വൈപ്പിന്‍കര വഴി ഗതാഗത കുരുക്കുകളില്ലാതെ കടന്നുപോകാനും സാധിക്കും. തീരദേശത്തെ മത്സ്യ വ്യവസായവും അഭിവൃദ്ധി പ്രാപിക്കും. സംസ്ഥാനത്തെ തന്നെ ഏറ്റവും നീളം കൂടിയ പാലങ്ങളിലൊന്നെന്ന രീതിയിലാണ് അഴീക്കോട് മുനമ്പം പാലം വിഭാവനം ചെയ്തിരിക്കുന്നതെന്ന് ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ പറഞ്ഞു.
രണ്ട് തീരദേശങ്ങളെ തമ്മില്‍ കൂട്ടിമുട്ടിക്കുന്ന പാലത്തിന് 2011ലാണ് തറക്കല്ലിട്ടത്. നിര്‍ദിഷ്ട തുറമുഖ പ്രദേശത്ത് നിര്‍മിക്കുന്ന പാലത്തിന്റെ ഉയരം 12.5 മീറ്ററാണ്. അഴീക്കോട് മുനമ്പം കായലിന് കുറുകെ 900 മീറ്റര്‍ നീളത്തിലും 15.10 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മിക്കുന്നത്. കപ്പലുകള്‍ക്ക് സുഖമായി യാത്ര ചെയ്യാവുന്ന തരത്തിലാണ് നിര്‍മാണം. ഇന്‍ലാന്റ് നാവിഗേഷന്‍ നിര്‍മാണത്തിന് നേരത്തെ അനുമതി നല്‍കിയിരുന്നു. പിന്നീട് പാലത്തിന്റെ അനുബന്ധ റോഡിനായി സ്ഥലം ഏറ്റെടുക്കുന്നതിനായി 6.49 കോടിയും മുനമ്പം ഭാഗത്ത് 8.13 കോടിയും അനുവദിച്ചു. സാമൂഹിക പ്രത്യാഘാത പഠനം വിലയിരുത്തല്‍ റിപ്പോര്‍ട്ടിന് വേണ്ടിയുള്ള ഹിയറിംഗ് 2019 ഓഗസ്റ്റില്‍ ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എയുടെ നേതൃത്വത്തിലും നടത്തി. കളമശ്ശേരി രാജഗിരി കോളേജിന്റെ നേതൃത്വത്തില്‍ നടത്തിയ പരിസ്ഥിതി ആഘാതപഠനം പൂര്‍ത്തിയായതിന്റെ അടിസ്ഥാനത്തില്‍ സ്ഥലവും വീടും നഷ്ടപ്പെടുന്ന മുഴുവന്‍ പേരെയും പങ്കെടുപ്പിച്ചായിരുന്നു ഹിയറിംഗ്.
തീരദേശ വികസനത്തിനും വിനോദസഞ്ചാര മേഖലയ്ക്കും ഏറെ പ്രയോജനമാകുന്ന അഴീക്കോട് മുനമ്പം പാലം നിര്‍മാണത്തിന് കിഫ്ബി 2017 18 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഭരണാനുമതി നല്‍കിയത്. 2019 ഡിസംബറില്‍ പാലം നിര്‍മാണവുമായി അപ്രോച്ച് റോഡിനുള്ള ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി സാമൂഹിക പ്രത്യാഘാത റിപ്പോര്‍ട്ട് വിലയിരുത്തുന്ന ഏഴംഗസമിതി പദ്ധതി പ്രദേശം സന്ദര്‍ശിച്ച് ഭൂവുടമകളുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പാലത്തിന്റെയും അനുബന്ധ റോഡിന്റെയും ഇരുഭാഗത്തെ സര്‍വീസ് റോഡിന്റെയും നിര്‍മാണത്തിനായി 18 മീറ്റര്‍ വീതിയില്‍ സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയത്.
പാലം നിര്‍മാണത്തിന് സാമ്പത്തികാനുമതിക്കായി എസ്റ്റിമേറ്റും ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ടും കിഫ്ബിയില്‍ സമര്‍പ്പിച്ചതിന്റെ ആദ്യഘട്ടമായി സ്ഥലം ഏറ്റെടുക്കുന്നതിന് മാത്രം 14.616 കോടി രൂപയുടെ സാമ്പത്തികാനുമതി ലഭിച്ചിട്ടുണ്ട്. പാലം നിര്‍മാണത്തിന് എസ്റ്റിമേറ്റ് സമര്‍പ്പിച്ചെങ്കിലും തീരദേശ ഹൈവേയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പാലത്തിന്റെ വീതി കൂട്ടാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് പുതുക്കിയ എസ്റ്റിമേറ്റിന് 154.626 കോടിയുടെ (എല്‍ എ ഉള്‍പ്പെടെ) സാമ്പത്തികാനുമതി കിഫ്ബിയില്‍ നിന്നും ലഭ്യമായിട്ടുണ്ട്. അഴീക്കോട് മുനമ്പം പാലം നിര്‍മാണത്തിനായി കിഫ്ബിയുടെ നിര്‍ദ്ദേശപ്രകാരം അഡീഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തിക്ക് ദര്‍ഘാസ് ക്ഷണിച്ചതില്‍ രേഖപ്പെടുത്തിയ കുറഞ്ഞ തുക എസ്റ്റിമേറ്റ് തുകയേക്കാള്‍ അധികരിച്ച നിരക്കായതിനാല്‍ വിഷയം ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്. പ്രസ്തുത അഡീഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ പാലം നിര്‍മാണം ആരംഭിച്ച ശേഷം നടപ്പിലാക്കാവുന്നതാണെന്ന് കിഫ്ബി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പദ്ധതിക്ക് സങ്കേതികാനുമതി ലഭ്യമാക്കുന്നതിനുള്ള എസ്റ്റിമേറ്റ് സമര്‍പ്പിക്കാന്‍ കെആര്‍എഫ്ബി അടിയന്തര നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് കെആര്‍എഫ്ബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മനീഷ അറിയിച്ചു.