ന്യൂഡല്‍ഹി: രാജസ്ഥാനിലെ ബാര്‍മറില്‍ ഒരു പൊതുപരിപാടിയില്‍ മുസ്‌ലിംകള്‍ക്കെതിരേയും ക്രിസ്ത്യാനികള്‍ക്കെതിരേയും വിദ്വേഷ പ്രസംഗം അഴിച്ചുവിട്ട ബാബാ രാംദേവിനെ അറസ്റ്റുചെയ്ത് ശിക്ഷിക്കണമെന്ന് എസ് ഡിപിഐ ആവശ്യപ്പെട്ടു. ന്യൂനപക്ഷ വിഭാഗങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശമാണ് ബാബാ രാംദേവ് നടത്തിയത്. മുസ്‌ലിംകള്‍ക്ക് തീവ്രവാദികളാവുന്നതും ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോവുന്നതും നല്ലതാണ്. അവര്‍ പിന്നെ അഞ്ച് നേരം നമസ്‌കരിച്ചാല്‍ മതിയെന്നാണ് ബാബാ രാംദേവിന്റെ വിദ്വേഷ പരാമര്‍ശം. ഇത് വ്യാജവും മുസ് ലിംകളെ അപകീര്‍ത്തിപ്പെടുത്തുന്നതുമാണെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാഫി വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി. ബാബാ രാംദേവിന്റെ പ്രസ്താവന രാജ്യത്തെ നിയമത്തിന് വിരുദ്ധമാണ്.
ഇസ്‌ലാമിനോടും ക്രിസ്ത്യാനിറ്റിയോടും അവരുടെ അനുയായികളോടുമുള്ള വിദ്വേഷത്തിന്റെ പ്രതിഫലനമാണ് പ്രസ്താവന. യേശുവിന്റെ മുന്നില്‍ നിന്നാല്‍ പാപങ്ങള്‍ നശിപ്പിക്കപ്പെടുന്ന ആളുകളാണെന്ന് ക്രിസ്ത്യാനികളെന്ന ബാബാ രാംദേവിന്റെ വാദം ക്രിസ്തുമതത്തോടുള്ള തികഞ്ഞ അവഗണനയാണ്. മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ദ്രോഹിക്കാന്‍ ലക്ഷ്യമിട്ട് രാംദേവ് നടത്തിയ അധാര്‍മികവും നിയമവിരുദ്ധവുമായ പരസ്യപ്രസംഗത്തിന്റെ പേരില്‍ അദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്യണം. അദ്ദേഹത്തിനെതിരേ ശക്തമായ നടപടിയെടുക്കണമെന്നും രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനോട് മുഹമ്മദ് ഷാഫി ആവശ്യപ്പെട്ടു.