ഒറ്റമൂലി രഹസ്യമറിയാന്‍ പാരമ്പര്യ വൈദ്യനെ തടങ്കലിലാക്കി കൊലപ്പെടുത്തിയ കേസിലെ വിധി ഇന്ന്

Update: 2025-03-20 02:25 GMT
ഒറ്റമൂലി രഹസ്യമറിയാന്‍ പാരമ്പര്യ വൈദ്യനെ തടങ്കലിലാക്കി കൊലപ്പെടുത്തിയ കേസിലെ വിധി ഇന്ന്

നിലമ്പൂര്‍: ഒറ്റമൂലി രഹസ്യമറിയാന്‍ മൈസൂരുവിലെ നാട്ടുവൈദ്യന്‍ ഷാബാ ശരീഫിനെ ഒരുവര്‍ഷത്തില്‍ അധികം പൂട്ടിയിട്ട് കൊലപ്പെടുത്തിയ കേസിലെ വിധി ഇന്ന്. മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. മരിച്ച ഷാബ ശരീഫിന്റെ മൃതദേഹമോ മൃതദേഹാവശിഷ്ടമോ കണ്ടെത്താന്‍ കഴിയാത്ത കേസില്‍ ശാസ്ത്രീയ പരിശോധന ഫലങ്ങളാണ് നിര്‍ണായകമാകുക. ഒരു വര്‍ഷത്തോളം നീണ്ട വാദ പ്രതിവാദങ്ങള്‍ക്ക് ഒടുവിലാണ് കേസില്‍ കോടതി വിധി പറയുന്നത്.

നിലമ്പൂര്‍ സ്വദേശി ഷൈബിന്‍ അഷ്‌റഫാണ് പ്രധാന പ്രതി. 2022 ഏപ്രില്‍ 23ന് വീട്ടില്‍ക്കയറി ഒരുസംഘം തന്നെ മര്‍ദിച്ചുവെന്ന ഷൈബിന്റെ പരാതിയാണ് കേസില്‍ വഴിത്തിരിവായത്. ഇതോടെ ഷൈബിനെ ആക്രമിച്ച കേസിലുള്‍പ്പെട്ട അഞ്ച് പ്രതികള്‍ തിരുവനന്തപുരം സെക്രട്ടേറിയേറ്റിനുമുന്നില്‍ ഷൈബിനെതിരേ കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങള്‍ ആരോപിച്ച് തീ കൊളുത്തി ആത്മഹത്യാശ്രമം നടത്തി. ഈ സംഭവത്തില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലിസ് അഞ്ചുപേരെ കസ്റ്റഡിയിലെടുത്ത് നിലമ്പൂര്‍ പോലിസിന് കൈമാറി. ഇവരെ ചോദ്യംചെയ്തതോടെ ഷാബാ ശരീഫ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.

2019 ആഗസ്റ്റിലാണ് സംഭവങ്ങളുടെ തുടക്കം. പാരമ്പര്യ വൈദ്യനായ മൈസൂരു സ്വദേശി ഷാബാ ശരീഫിനെ ചികിത്സയ്‌ക്കെന്ന് പറഞ്ഞ് ഒന്നാം പ്രതി ഷൈബിന്‍ അഷ്‌റഫും കൂട്ടാളിയും വീട്ടില്‍ നിന്ന് വിളിച്ചിറക്കുകയായിരുന്നു. മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യം ചോര്‍ത്താനായിരുന്നു ലക്ഷ്യം. ഇതിനായി ഒരു വര്‍ഷത്തില്‍ അധികം ഷൈബിന്റെ നിലമ്പൂര്‍ മുക്കട്ടയിലെ വീട്ടില്‍ ഷാബാ ശരീഫിനെ പൂട്ടിയിട്ടു മര്‍ദ്ദിച്ചു. 2020 ഒക്ടോബറില്‍ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ചാലിയാറില്‍ ഒഴുക്കിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. എന്നാല്‍, മൃതദേഹത്തിനായി ചാലിയാറില്‍ നാവികസേനയുള്‍പ്പെടെ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല.

തെളിവെടുപ്പിനിടെ ലഭിച്ച തല മുടി ഷാബ ശരീഫിന്റേതാണെന്ന മൈറ്റോകോണ്‍ട്രിയോ ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞതാണ് കേസിന് ബലമായത്. കേസില്‍ മാപ്പുസാക്ഷിയായ ഏഴാം പ്രതിയായിരുന്ന ബത്തേരി കൈപ്പഞ്ചേരി തങ്ങളകത്ത് നൗഷാദ് എന്ന മോനുവിന്റെ സാക്ഷി മൊഴികളും അന്വേഷണസംഘത്തിന് സഹായകമായി. കേസില്‍ ആകെ 15 പ്രതികളാണുളളത്. പിടികിട്ടാന്‍ ബാക്കിയുണ്ടായിരുന്ന രണ്ട് പ്രതികളില്‍ ഒരാളായ ഫാസില്‍ ഗോവയില്‍ മരിച്ചു. മറ്റൊരു പ്രതി ഷമീം ഒളിവില്‍ തുടരുകയാണ്.

നിലമ്പൂര്‍ മുക്കട്ട ഷൈബിന്‍ അഷ്‌റഫ് (37), ഷൈബിന്റെ മാനേജരായിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരന്‍ ഷിഹാബുദ്ദീന്‍ (36), െ്രെഡവര്‍ നിലമ്പൂര്‍ മുക്കട്ട നടുതൊടിക നിഷാദ്(32), വയനാട് കൈപ്പഞ്ചേരി തങ്ങളകത്ത് നൗഷാദ്(41), വൈദ്യനെ മൈസൂരുവില്‍നിന്ന് തട്ടിക്കൊണ്ടുവന്ന സംഘത്തിലെ ചന്തക്കുന്ന് കൂത്രാടന്‍ അജ്മല്‍, (30), പൂളക്കുളങ്ങര ഷബീബ് റഹ്മാന്‍ (30), വണ്ടൂര്‍ പഴയ വാണിയമ്പലം ചീര ഷെഫീഖ് (28), ചന്തക്കുന്ന് ചാരംകുളം കാപ്പുമുഖത്ത് അബ്ദുള്‍വാഹിദ് (26), ഷൈബിന്‍ അഷറഫിന്റെ ഭാര്യ ഫസ്‌ന (28), മുക്കട്ട കൈപ്പഞ്ചേരി ഫാസില്‍ (31), കുന്നേക്കാടന്‍ ഷമീം (പൊരി ഷമീം32), ഷൈബിന്റെ സഹായി റിട്ട. എസ്‌ഐ സുന്ദരന്‍ സുകുമാരന്‍ എന്നിവരാണ് പ്രതികള്‍.

തട്ടിക്കൊണ്ടുവരാന്‍ ഉപയോഗിച്ച വാനും ഷാബാ ശരീഫിന്റെ ഓഡി കാറും തൊണ്ടിയായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 3,177 പേജുകളുള്ള കുറ്റപത്രമാണ് പോലിസ് കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ 107 സാക്ഷികളാണുള്ളത്. സാഹചര്യത്തെളിവുകളും തൊണ്ടിമുതലുകളും ഉപയോഗപ്പെടുത്തി കൊലപാതകം തെളിയിക്കാനാവുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

Similar News