
ന്യൂയോര്‍ക്ക്: മനുഷ്യരുമായി ആംഗ്യഭാഷയില്‍ സംസാരിക്കുകയും സ്വന്തമായി പണിയായുധങ്ങള്‍ നിര്‍മിക്കുകയും ചെയ്ത ബൊനോബോ മരണമടഞ്ഞു. യുഎസിലെ ലോവയിലെ ആള്‍ക്കുരങ്ങ് ഗവേഷണ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന കാന്‍സി ദി ബൊനോബോ(44) എന്ന ബൊനോബായാണ് മരണമടഞ്ഞിരിക്കുന്നത്.
കാന്‍സിയെ നിരവധി ശാസ്ത്രീയ നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്. ആള്‍ക്കുരങ്ങുകളുടെ ബുദ്ധി, അവയുടെ ശേഷി എന്നിവ കണ്ടെത്താനായിരുന്നു പരീക്ഷണങ്ങള്‍.

1980ല്‍ എമോറി നാഷണല്‍ പ്രൈമറ്റ് റിസര്‍ച്ച് സെന്ററിലാണ് കാന്‍സി ജനിച്ചത്. സഹോദരി പന്‍ബനിഷയോടൊപ്പം കാന്‍സിയെ 1985ല്‍ ജോര്‍ജിയ സ്‌റ്റേറ്റ് സര്‍വകലാശാലയിലേക്ക് മാറ്റി. അവിടെ നിന്നാണ് ലോവയിലേക്ക് കൊണ്ടുപോയത്. പന്‍ബനിഷ 2012ല്‍ മരണമടഞ്ഞു.
ഇന്ത്യാന സര്‍വകലാശാലയിലെ ആര്‍ക്കിയോളജിസ്റ്റുകളായ നിക്കോളാസ് ടോത്തിയും കാത്തി ഷിക്കുമാണ് 1990കളില്‍ കാന്‍സിയെ പണിയായുധങ്ങള്‍ നിര്‍മിക്കാന്‍ പഠിപ്പിച്ചത്. പാറക്കല്ലില്‍ നിന്നും ചുറ്റിക ഉണ്ടാക്കാനാണ് കാന്‍സി പഠിച്ചത്. തുടര്‍ന്ന് കാന്‍സി പെട്ടികള്‍ പൊളിച്ച് ഭക്ഷണം ശേഖരിച്ചു. ആംഗ്യഭാഷയിലെ നൂറുകണക്കിന് ചിഹ്നങ്ങള്‍ പഠിച്ച കാന്‍സി അവ കണ്ടാല്‍ ആംഗ്യവും കാണിക്കുമായിരുന്നു. കാന്‍സിയുമായി ചെസ് കളിച്ചതിന്റെ ഓര്‍മകള്‍ ടെക്‌സസ് സര്‍വകലാശാലയിലെ പ്രൈമറ്റോളജിസ്റ്റായ ജില്‍ പ്രൂറ്റ്‌സ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
കാന്‍സിക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലെന്നും രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിച്ചിരുന്നതായും അധികൃതര്‍ അറിയിച്ചു. ഹൃദയത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് ചികില്‍സ നല്‍കിയിരുന്നു. പേരക്കുട്ടിയായ ടെകോയുമായി കളിക്കുന്നതിനിടെയായിരുന്നു മരണമെന്നും അധികൃതര്‍ അറിയിച്ചു.