കോഴിക്കോട്: നാലുദിവസം പ്രായമുള്ള ചോരക്കുഞ്ഞിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച സംഭവത്തില്‍ മാതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. കരിപ്പൂര്‍ വിമാനത്താവളത്തിലെ കഫ്ത്തീരിയ ജീവനക്കാരിയായ 21 കാരിയെയാണ് പന്നിയങ്കര പോലിസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രസവിച്ച ശേഷം കോഴിക്കോട്ടെത്തി ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞിന്റെ പിതാവും വിമാനത്താവളത്തിലെ ജീവനക്കാരനാണെന്നു പോലിസ് പറഞ്ഞു. തിരുവണ്ണൂര്‍ മാനാരിയിലെ പള്ളിയുടെ പടിക്കെട്ടിലാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ പൊതിഞ്ഞ പുതപ്പിനുള്ളില്‍ ഒരു കുറിപ്പുണ്ടായിരുന്നു. 'ഈ കുഞ്ഞിന് നിങ്ങള്‍ ഇഷ്ടമുള്ള പേരിടണം. അല്ലാഹു തന്നതാണെന്നു കരുതി നിങ്ങള്‍ ഇതിനെ നോക്കണം. ഞങ്ങള്‍ക്കു തന്നത് അല്ലാഹുവിനു തന്നെ തിരികെ കൊടുക്കുന്നു. കുഞ്ഞിന് ബിസിജിയും പോളിയോ വാക്‌സിനും ഹെപ്പറ്റൈറ്റിസ് ബി 1 വാക്‌സിനും കൊടുക്കണം' എന്നാണ് കുറിപ്പിലുണ്ടായിരുന്നത്.
പള്ളിയുടെ പടികളില്‍ ചെരിപ്പ് സൂക്ഷിക്കുന്ന ഭാഗത്താണ് കുഞ്ഞിനെ കിടത്തിയിരുന്നത്. രാവിലെ 6.45ന് മദ്‌റസ വിദ്യാര്‍ഥിതള്‍ കുഞ്ഞിനെ കണ്ടിരുന്നില്ല. 8.30ന് പള്ളി പരസത്തെ ഇസ്‌ലാഹിയ്യ സ്‌കൂളിലേക്ക് ഓട്ടോയിലെത്തി പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് കുഞ്ഞിനെ കണ്ടത്. തുടര്‍ന്ന് വനിതാ പോലിസും ശിശുസംരക്ഷണ സമിതി പ്രവര്‍ത്തകരുമെത്തി കുഞ്ഞിനെ ഏറ്റെടുത്തു. കുഞ്ഞിനെ കോട്ടപ്പറമ്പ് ജില്ലാ വനിതാ ശിശു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 2.7 കിലോ ഗ്രാം ഭാരമുള്ള കുഞ്ഞിന്റെ
പൊക്കിള്‍കൊടിയില്‍ ടാഗ് കെട്ടിയതിനാല്‍ ആശുപത്രിയില്‍ പ്രസവിച്ച ശേഷം ഉപേക്ഷിച്ചതാണെന്ന് കണ്ടെത്തിയിരുന്നു. തുടരന്വേഷണത്തിലാണ് മാതാവിനെ അറസ്റ്റ് ചെയ്തത്.