കൊച്ചി: ഹൃദയ ശസ്ത്രക്രിയയ്ക്കായി തിരുവനന്തപുരം ശ്രീചിത്രയിലേക്ക് കൊണ്ടുപോകുന്ന 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് കൊച്ചിയില്‍ ചികില്‍സാ സൗകര്യം ഒരുക്കാമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കൊച്ചി അമൃത ആശുപത്രിയില്‍ ക്രമീകരണമുണ്ടെന്ന് മന്ത്രി ശൈലജ തന്നെയാണ് ബന്ധുക്കളെ അറിയിച്ചു. സര്‍ക്കാര്‍ ചെലവ് വഹിക്കാമെന്നും മന്ത്രി കെ കെ ശൈലജ പറഞ്ഞു. അതിനിടെ, കുഞ്ഞിനെ അമൃതയിലേക്ക് കൊണ്ടുപോകുന്നതിനെ എതിര്‍ത്ത് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം നിലപാടെടുത്തത് ആശങ്കയ്ക്കിടയാക്കിയിരുന്നു. സര്‍ക്കാര്‍ ചിലവില്‍ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കാനായിരുന്നു മന്ത്രിയുടെ നിര്‍ദ്ദേശം. കുട്ടിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകണം എന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ വാശിപിടിച്ചു. എന്നാല്‍ കുഞ്ഞിന്റെ ജീവനാണ് തനിക്ക് ഏറ്റവും വിലയെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഒടുവില്‍ മന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശത്തിന് വഴങ്ങി കുഞ്ഞിനെ അമൃതയിലേക്ക് തന്നെ മാറ്റുകയായിരുന്നു. രാവിലെ 11.10ന് മംഗലാപുരത്ത് നിന്ന് പുറപ്പെട്ട ആംബുലന്‍സ് നാലരമണിക്കൂര്‍ കൊണ്ടാണ് അമൃതയിലെത്തിയത്. 50 കിലോമീറ്റര്‍ അടുത്താണ് കൊച്ചിയിലേക്ക് മാറ്റിയാല്‍ മതിയെന്ന അറിയിപ്പ് ലഭിച്ചതെന്നും ആംബുലന്‍സിന്റെ ഡ്രൈവര്‍ കാസര്‍ഗോഡ് ജില്ലയിലെ ഉദുമ മുക്കുന്നോത്ത് സ്വദേശി ഹസ്സന്‍ ദേളി പറഞ്ഞു.
കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെല്ലാം വലിയ സഹകരണമാണ് ചൈല്‍ഡ് പ്രോട്ടക്റ്റ് ടീമിന്റെ ആംബുലന്‍സിന് ലഭിച്ചത്. രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ റോഡ് ഷോകള്‍ നിര്‍ത്തിവച്ച് ട്രാഫിക് നിയന്ത്രിക്കാന്‍ തയ്യാറായതും മാതൃകപരമായി. യുഡിഎഫ്, എല്‍ഡിഎഫ്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ തങ്ങളുടെ റോഡ് ഷോകള്‍ നിര്‍ത്തിവച്ച് മലപ്പുറത്ത് ഗതാഗത നിയന്ത്രണത്തിന് പങ്കുചേര്‍ന്നു. കൂടാതെ ചൈല്‍ഡ് പ്രോട്ടക്റ്റ് ടീമിന്റെ ഫേസ്ബുക്ക് പേജിലൂടെ ലൈവ് ടെലികാസ്റ്റിങ് നടത്തിയതും സ്ഥലങ്ങളെ കുറിച്ച് മുന്‍കരുതലുകള്‍ കമന്റുകളായി ലഭിച്ചതും ആംബുലന്‍സിന് സഹായകരമായി.