'പിന്‍വാതില്‍ നിയമനം വെറുപ്പുളവാക്കുന്നത്'; രൂക്ഷവിമര്‍ശനവുമായി സുപ്രിംകോടതി
ന്യൂഡല്‍ഹി: പിന്‍വാതില്‍ നിയമങ്ങള്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി സുപ്രിംകോടതി. സര്‍ക്കാര്‍ സര്‍വീസുകളിലേക്കുള്ള പിന്‍വാതില്‍ നിയമനങ്ങള്‍ വെറുപ്പുളവാക്കുന്നതാണ്. പിന്‍വാതില്‍ പ്രവേശനം അനുവദിക്കുകയെന്നത് പൊതുസേവനത്തിന് അനിഷ്ടകരമാണ്- ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഢ്, സൂര്യകാന്ത്, വിക്രംനാഥ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. എല്‍ഐസിയിലെ പാര്‍ട്ട് ടൈം ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.
എല്‍ഐസിയിലെ 11,000 പാര്‍ട്ട് ടൈം ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് നിര്‍ദേശം നല്‍കണമെന്ന ഹരജി സുപ്രിംകോടതി തള്ളി. വ്യവസ്ഥകള്‍ പാലിച്ച് സുതാര്യമായ നിയമന നടപടികളാണ് നടത്തേണ്ടത്. പൊതു തൊഴിലുടമ എന്ന നിലയില്‍ കോര്‍പറേഷന്റെ റിക്രൂട്ട്‌മെന്റ് പ്രക്രിയ ന്യായവും സുതാര്യവുമായ പ്രക്രിയയുടെ ഭരണഘടനാ നിലവാരം പാലിക്കണം.
റിക്രൂട്ട്‌മെന്റ് നടപടിയില്ലാതെ 11,000 ലധികം തൊഴിലാളികളെ കൂട്ടത്തോടെ ഉള്‍ക്കൊള്ളണമെന്ന് പൊതു തൊഴിലുടമയോട് ആവശ്യപ്പെടാന്‍ കഴിയില്ല. എല്‍ഐസി ഒരു നിയമാനുസൃത കോര്‍പറേഷന്‍ എന്ന നിലയില്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 16 എന്നിവയ്ക്ക് വിധേയമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷനിലെ പാര്‍ട്ട് ടൈം തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നാല് പതിറ്റാണ്ട് പഴക്കമുള്ള തര്‍ക്കമാണ് സുപ്രിംകോടതി തീര്‍പ്പാക്കിയത്.
1985 മെയ് 20 മുതല്‍ 1991 മാര്‍ച്ച് 4 വരെ ജോലി ചെയ്തിരുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിനുള്ള അവകാശവാദത്തെ ചൊല്ലിയായിരുന്നു തര്‍ക്കം. 1980കളില്‍, താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിനായി നിരവധി കോടതി നടപടികളുണ്ടായി. അത് 1988 ലെ സുപ്രിംകോടതിയില്‍ ഒരു ഒത്തുതീര്‍പ്പില്‍ അവസാനിച്ചു. 01.01.1982 മുതല്‍ 20.05.1985 വരെയുള്ള കാലയളവില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്താന്‍ എല്‍ഐസിയുമായി കോടതി സമ്മതിച്ചിരുന്നു.