യുപിയിലെ ബലാത്സംഗക്കൊല: സ്ത്രീ വൈകുന്നേരം പുറത്തിറങ്ങിയതിനാലാണ് ഇരയായതെന്ന് ദേശീയ വനിതാ കമ്മീഷനംഗം
ഉത്തര്‍പ്രദേശിലെ ബദൗന്‍ ജില്ലയിലാണ് അമ്പതുകാരിയായ അംഗനവാടി ടീച്ചര്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ക്ഷേത്രത്തില്‍ പോയി വരുമ്പോഴായിരുന്നു ഇവര്‍ ആക്രമിക്കപ്പെട്ടത്.
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബദൗനില്‍ 50 വയസുള്ള സ്ത്രീ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സ്ത്രീവിരുദ്ധ പരാമര്‍ശനവുമായി ദേശീയ വനിതാ കമ്മീഷനംഗം. കൊല്ലപ്പെട്ട സ്ത്രീ വൈകുന്നേര സമയത്ത് പുറത്തുപോയില്ലായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നെന്ന് ദേശീയ വനിതാ കമ്മീഷനംഗം ചന്ദ്രമുഖി ദേവി പറഞ്ഞു. കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബാംഗങ്ങളെ കണ്ട ശേഷമായിരുന്നു ചന്ദ്രമുഖിയുടെ പ്രതികരണം.
'ആരൊക്കെ നിര്‍ബന്ധിച്ചിട്ടാണെങ്കിലും അവര്‍ സമയം ശ്രദ്ധിക്കണമായിരുന്നു. വൈകി ഒരിക്കലും പുറപ്പെടരുത്. അവര്‍ വൈകുന്നേരം തനിയെ പുറത്തിറങ്ങിയിരുന്നില്ലെങ്കിലോ കുടുംബാംഗത്തോടൊപ്പം പോയിരുന്നെങ്കിലോ രക്ഷിക്കാന്‍ കഴിയുമായിരുന്നെന്ന് എനിക്ക് തോന്നുന്നു', ചന്ദ്രമുഖി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം, ചന്ദ്രമുഖിയുടെ പ്രസ്താവനയെക്കുറിച്ചറിയില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ പറഞ്ഞു. സ്ത്രീകള്‍ക്ക് പുറത്തിറങ്ങുന്നതിന് പ്രത്യേക സമയമില്ലെന്നും രേഖ കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശിലെ ബദൗന്‍ ജില്ലയിലാണ് അമ്പതുകാരിയായ അംഗനവാടി ടീച്ചര്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ക്ഷേത്രത്തില്‍ പോയി വരുമ്പോഴായിരുന്നു ഇവര്‍ ആക്രമിക്കപ്പെട്ടത്.
ക്രൂരമായ ബലാത്സംഗമാണ് നടന്നതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്. ഇവരുടെ സ്വകാര്യ ഭാഗങ്ങളില്‍ പരിക്കേറ്റതായും കാലുകളും വാരിയെല്ലും ഒടിഞ്ഞതായും പൊലീസ് പറഞ്ഞു.
സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റു ചെയ്യുകയും ബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകള്‍ ചുമത്തുകയും ചെയ്തിട്ടുണ്ട്. അംഗനവാടി ജീവനക്കാരിയായിരുന്ന സ്ത്രീ ജനുവരി മൂന്നിന് വൈകീട്ടോടെ ക്ഷേത്രത്തില്‍ പോയപ്പോഴായിരുന്നു അക്രമം നടന്നത്.
ക്ഷേത്ര പുരോഹിതനെതിരെ ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കണമെന്നും സ്ത്രീയുടെ കുടുംബം ആവശ്യപ്പെട്ടു.
സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഗുരുതരമായി പരിക്കേറ്റിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിയിട്ടുണ്ട്. വാരിയെല്ലും കാലുകളും ഒടിഞ്ഞിരുന്നു. ആക്രമണത്തില്‍ ശ്വാസകോശത്തിനും പരിക്കേറ്റു. രക്തസ്രാവം നിയന്ത്രണാതീതമായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ബലാത്സംഗത്തിനും കൊലപാതകത്തിനും കേസ് രജിസ്റ്റര്‍ ചെയ്ത് പോലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രതികളെ കണ്ടെത്താനായി നാല് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ബദൗന്‍ എസ്എസ്പി സങ്കല്‍പ് ശര്‍മ അറിയിച്ചു.