ബദായുന്‍ കൂട്ട ബലാല്‍സംഗക്കേസ്: പൂജാരി രാവിലെ മുതല്‍ അമ്മയെ വിളിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇരയുടെ മകന്‍
സംഭവ ദിവസം രാവിലെ നിരവധി തവണ സത്യനാരായണ്‍ ഫോണില്‍ വിളിച്ചു. വൈകീട്ട് നാലിന് അമ്മ കുളിച്ചു കൊണ്ടിരുന്നപ്പോഴും അയാള്‍ വിളിച്ചു. ശുചിമുറിയില്‍നിന്നെത്തിയ അമ്മ പൂജാരിയുമായി ഫോണില്‍ സംസാരിക്കുകയും തുടര്‍ന്ന് ക്ഷേത്രത്തിലേക്ക് പുറപ്പെടുകയും ചെയ്തതായി ഹിന്ദി പത്രമായ അമര്‍ ഉജാലയ്ക്കു നല്‍കിയ അഭിമുഖത്തില്‍ മകന്‍ വ്യക്തമാക്കി.
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബദായുന്‍ കൂട്ട ബലാല്‍സംഗക്കേസിലെ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട കൊല്ലപ്പെട്ട അങ്കണവാടി ജീവനക്കാരിയായ സ്ത്രീയുടെ മകന്‍. കേസിലെ മുഖ്യ പ്രതിയും ക്ഷേത്ര പൂജാരിയുമായ മഹന്ത് സത്യനാരായണ്‍ നിരവധി തവണ അമ്മയെ ഫോണില്‍ വിളിച്ചിരുന്നതായാണ് മകന്റെ വെളിപ്പെടുത്തല്‍.
സംഭവ ദിവസം രാവിലെ നിരവധി തവണ സത്യനാരായണ്‍ ഫോണില്‍ വിളിച്ചു. വൈകീട്ട് നാലിന് അമ്മ കുളിച്ചു കൊണ്ടിരുന്നപ്പോഴും അയാള്‍ വിളിച്ചു. ശുചിമുറിയില്‍നിന്നെത്തിയ അമ്മ പൂജാരിയുമായി ഫോണില്‍ സംസാരിക്കുകയും തുടര്‍ന്ന് ക്ഷേത്രത്തിലേക്ക് പുറപ്പെടുകയും ചെയ്തതായി ഹിന്ദി പത്രമായ അമര്‍ ഉജാലയ്ക്കു നല്‍കിയ അഭിമുഖത്തില്‍ മകന്‍ വ്യക്തമാക്കി.
കടുത്ത മത ഭക്തയായിരുന്നു അമ്മ. പ്രാര്‍ഥനകള്‍ക്കായി അവര്‍ പതിവായി ക്ഷേത്രദര്‍ശനം നടത്തിയിരുന്നു. എന്നാല്‍, സംഭവ ദിവസം വൈകീട്ട് ക്ഷേത്രത്തിലേക്ക് പോയ അമ്മ ഏറെ വൈകിയിട്ടും തിരികെ എത്തിയില്ല. പിന്നീട് രാത്രി 11 ഓടെ സത്യനാരായണനും രണ്ടു കൂട്ടാളികളും ചേര്‍ന്ന് അതീവഗുരുതരാവസ്ഥയില്‍ അമ്മയെ വീട്ടിലെത്തിക്കുകയായിരുന്നു. ക്ഷേത്രത്തിന് സമീപത്തെ പൊട്ടക്കിണറ്റില്‍ വീണു കിടക്കുകയായിരുന്നു എന്നാണ് അവര്‍ അവകാശപ്പെട്ടത്. വീട്ടിലെത്തിച്ചതിനു പിന്നാലെ സംഘം സ്ഥലംവിടുകയുംചെയ്തു. അമ്മ മരിച്ചതിന് ശേഷം നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ക്രൂരമായ ബലാല്‍സംഗ വിവരം പുറത്തുവന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച ഉഗൈട്ടി പോലിസ് കേസെടുക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിപക്ഷ കക്ഷികള്‍ വന്‍ പ്രതിഷേധമുയര്‍ത്തുകയും നിര്‍ഭയ കേസുമായി സംഭവത്തെ ഉപമിക്കുകയും ചെയ്തിരുന്നു.
വാരിയെല്ല് പൊട്ടിയതായും കാലിന് ഒടിവ് സംഭവിച്ചതായും സ്വകാര്യ ഭാഗങ്ങളില്‍ ഗുരുതര പരിക്കേറ്റതായും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലൂടെ പുറത്തുവന്നിരുന്നു. സംഭവത്തില്‍ മൂന്നു പ്രതികളേയും അറസ്റ്റ്‌ചെയ്തിട്ടുണ്ട്. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് കേസ് ഫാസ്റ്റ് ട്രാക്ക് കോടതിയുടെ പരിഗണനയ്ക്കു നല്‍കിയിരിക്കുകയാണ്. വ്യാഴാഴ്ച ദേശീയ വനിതാ കമ്മീഷന്‍ സംഘം വ്യാഴാഴ്ച ഇരയുടെ കുടുംബാംഗങ്ങളെ കണ്ടിരുന്നു.