രാജസ്ഥാനില്‍ ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് വഴിയില്‍ തള്ളി
ജയ്പൂര്‍: രാജസ്ഥാനിലെ അല്‍വാറില്‍ ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് വഴിയില്‍ തള്ളി. കടുത്ത രക്തസ്രാവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി ബലാല്‍സംഗത്തിന് ഇരയായതായി അല്‍വാര്‍ എസ്പി പറഞ്ഞു. സംസാരശേഷിയും കേള്‍വിയുമില്ലാത്ത 14കാരിയായ പെണ്‍കുട്ടി അത്യാസന്ന നിലയിലാണ്. ശസ്ത്രക്രിയ ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വഴിയാത്രക്കാരില്‍നിന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പോലിസ് സംഘം സ്ഥലത്തെത്തി പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രദേശത്ത് ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.
പെണ്‍കുട്ടിയുടെ ചികില്‍സയ്ക്കായി ഗൈനക്കോളജിസ്റ്റുകളും പ്ലാസ്റ്റിക് സര്‍ജന്‍മാരും ഉള്‍പ്പെടെ 8 ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ജെകെ ലോണ്‍ ആശുപത്രി സൂപ്രണ്ട് ഡോ. അരവിന്ദ് ശുക്ല അറിയിച്ചു. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ പെണ്‍കുട്ടി മാനസികമായി തകര്‍ന്ന നിലയിലായിരുന്നുവെന്നും അതീവ ഗുരുതരാവസ്ഥയിലായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പോലിസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. വിവരം അറിഞ്ഞയുടന്‍ ജയ്പൂര്‍ ഐജി കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിയിരുന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ പോയി കുടുംബാംഗങ്ങളെ കാണുകയും തുടര്‍ന്ന് പ്രദേശത്തെ ഉന്നത പോലിസ് ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ചെയ്തു. കൂടാതെ, വിഷയം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘവും (എസ്‌ഐടി) രൂപീകരിച്ചിട്ടുണ്ട്. ഇരയ്ക്ക് മാനസിക വൈകല്യമുള്ളതിനാല്‍ വിഷയത്തില്‍ കൃത്യമായ വിവരം ലഭിക്കാന്‍ പ്രയാസമാണെന്ന് എസ്പി തേജസ്വിനി ഗൗതം പറഞ്ഞു.